തൊണ്ണൂറുകളിൽ പൊട്ടിച്ചിരിയുടെ മാലപടക്കം സൃഷ്ടിച്ച പടങ്ങളേറേയും പിറന്നത് സിദ്ദീഖ് - ലാൽ എന്ന സംവിധാന കൂട്ടായ്മയിൽ നിന്നായിരുന്നു റാംജിറാവു സ്പീക്കിങ്ങ് മുതൽ തുടങ്ങിയ ഇവരുടെ ജൈത്രയാത്ര വർഷങ്ങളോളം തുടർന്നു. അക്കാലയളവിൽ സിദ്ദീഖ് - ലാൽ സിനിമകൾക്ക് വേണ്ടി മലയാളി പ്രേക്ഷകർ കാത്തു നിന്നിരുന്നു. ഗോഡ്ഫാദർ എന്ന സിനിമക്ക് ശേഷമാണ് ഈ സംവിധായക കൂട്ട് കെട്ട് വേർപിരിഞ്ഞത് ലാൽ അഭിനയരംഗത്ത് സജീവമായപ്പോൾ സിദ്ദീഖ് സംവിധാനരംഗത്ത് സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചു കൊണ്ടിരുന്നു. മൂന്ന് വിജയ ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ടാണ് നടൻ മമ്മൂട്ടി- സംവിധായകൻ സിദ്ദിഖ് ടീം. 1996ൽ റിലീസ് ചെയ്ത ഹിറ്റ്‌ലർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രവും, അതിനു ശേഷം 2003ൽ റിലീസ് ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രവും സൂപ്പർ ഹിറ്റായിരുന്നു. പിന്നീട് ഈ ടീമിനെ നമ്മൾ കണ്ടത് 2015ൽ റിലീസ് ചെയ്ത ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിലൂടെയാണ്. ആ ചിത്രവും ബോക്സ് ഓഫീസിൽ വിജയം നേടി. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് വരുന്നത്. ഈ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന ഡിസംബർ മാസത്തിൽ തുടങ്ങുമെന്നാണ് സൂചന. കേരളത്തിന് പുറത്തും ഷൂട്ട് ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത് എന്നാണ് വാർത്തകൾ പറയുന്നത്.
അടുത്ത വർഷം മമ്മൂട്ടിയുടെ വിഷു റിലീസായി ഈ ചിത്രമെത്തുമെന്നാണ് സൂചന. ഈ കൂട്ടുകെട്ടിൽ ഒരുങ്ങിയ മൂന്ന് ചിത്രങ്ങളും വിഷു റിലീസായാണ് എത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോൾ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ജ്യോതികയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇതിനു ശേഷം മമ്മൂട്ടി ചെയ്യാൻ പോകുന്നത് റോബി വർഗീസ് രാജ് ഒരുക്കാൻ പോകുന്ന ത്രില്ലറിലാണെന്നും വാർത്തകളുണ്ട്. ഈ ചിത്രവും കൂടി തീർത്തതിന് ശേഷം ഡിസംബറിൽ മമ്മൂട്ടി- സിദ്ദിഖ് ചിത്രം ആരംഭിക്കാനാണ് സാധ്യത. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നിവക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രങ്ങളാണ് ജിയോ ബേബിയുടെ കാതൽ, ഇനി വരാനുള്ള റോബി വർഗീസ് രാജ് ചിത്രം എന്നിവ.