വെട്ടത്തൂർ : വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നയാൾ പിടിയിൽ. സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന യോദ്ധാവ് പദ്ധതിയുടെ ഭാഗമായി മേലാറ്റൂർ പോലീസ് നടത്തിയ റെയ്ഡിലാണ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന എടത്തനാട്ടുകര കൊടിയംകുന്നിലെ ഏലംകുളവൻ മുഹമ്മദ് സക്കിയുദ്ദീൻ (22) നെ മേലാറ്റൂർ പോലീസ് പിടികൂടിയത്. വെട്ടത്തൂർ ഹയർസെക്കൻഡറി സ്‌കൂൾ പരിസരത്തുവെച്ച് വ്യാഴാഴ്‌ച രാവിലെയാണ് ഇയാൾ പിടിയിലാകുന്നത്. കഴിഞ്ഞദിവസം ലഹരി ഉപയോഗിച്ചതിന് അഞ്ച് വിദ്യാർഥികൾ പോലീസിന്റെ പിടിയിലായിരുന്നു. ഇവരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സക്കിയുദ്ദീനെ അറസ്റ്റ് ചെയ്തത്. എസ്.ഐ.മാരായ ഷിജോ സി. തങ്കച്ചൻ, സി. സനിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ്, ഐ.പി. രാജേഷ്, സുർജിത് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.