പെരിന്തൽമണ്ണ : കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടു അതിക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടിൽ മുഹമ്മദ് ബഷീർ എന്ന 35കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടും ഒൻപതും വയസ്സുള്ള മക്കളെ വീട്ടിലെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിലാണ് അറസ്റ്റ്. പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ എ.എം. യാസിറും സംഘവുമാണ് മുഹമ്മദ് ബഷീറിനെ അറസ്റ്റുചെയ്തത്. മക്കളെ റൂമിൽ പൂട്ടിയിട്ട ശേഷം കേബിള്‍ വയറ് കൊണ്ടും ചൂരലിനും മാരകമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു,
മര്‍ദ്ദനമേറ്റ് അവശരായ മക്കളെ ഓട്ടോയുമായി പുറത്ത് പോയി തിരിച്ചുവന്ന ശേഷമാണ് പുറത്തിറങ്ങാന്‍ അനുവദിക്കാറ്.
ചൈൽഡ് ലൈനിൽനിന്ന് കഴിഞ്ഞദിവസം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ സി. അലവിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. കേബിൾ കൊണ്ടുള്ള അടിയേറ്റ് കുട്ടിയുടെ പുറംഭാഗത്ത് സാരമായ മുറിവുകളുണ്ട്.
സ്ത്രീധനപീഡനത്തിന് ഭാര്യ നൽകിയ പരാതിയിലും മുഹമ്മദ് ബഷീറിന്റെ പേരിൽ കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് നാട്ടിൽ മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു