സംസ്ഥാനത്ത് വിവിധ മേഖലകളിൽ ദിനംതോറും വർദ്ധിച്ച് വരുന്ന പേപ്പട്ടി ആക്രമണവും തെരുവുനായ് ശല്യവും രൂക്ഷമാകുന്ന സാഹചര്യത്തിൽ, കേരള ഹൈക്കോടതിക്ക് ഈ വിഷയം പരിഗണിക്കാനും, ഉചിതമായ ഉത്തരവുകൾ നൽകാനും അനുമതി നൽകി സുപ്രീം കോടതി. ഈ വിഷയവുമായി ബന്ധപ്പെട്ട് എച്. ഡി. ഇ. പി ഫൗണ്ടേഷൻ അടക്കമുള്ള നിരവധി NGOസും വ്യകതികളും നൽകിയ ഹർജികൾ ഇന്ന് പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ ഉത്തരവ് നൽകിയത്. ആയതിനാൽ സുപ്രീം കോടതിയുടെ 18/11/2015 ലെ ഉത്തരവ് പ്രകാരം എല്ലാ ഹൈക്കോടതികളേയും ഈ വിഷയം പരിഗണിക്കുന്നതിൽ നിന്നും വിലക്കിയത് സുപ്രീം കോടതി തിരുത്തി. ഓരോ പ്രാദേശിക മേഖലകളിലേയും തെരുവുനായ പ്രശ്നം മനസ്സിലാക്കാനും, അതിൽ ഇടപെടൽ നടത്തി പ്രശ്‍നം പരിഹരിക്കാനും, സുപ്രീം കോടതിയേക്കാൾ കൂടുതൽ അതാത് ഹൈക്കോടതികൾക്കാണ് സാധിക്കുക എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതിനാൽ കേരളത്തിലെ തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നല്കിയവർക്കെല്ലാം കേരള ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
1960ലെ മൃഗ സംരക്ഷണ നിയമവും, 2001ലെ ആനിമൽ ബർത്ത് കൺട്രോൾ (നായ) ചട്ടങ്ങളും, ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാങ്ങളിൽ നിലനിൽക്കുന്ന സംസ്ഥാന നിയമങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളും, അതിലെ നിയമ സാധുതയും മാത്രമേ സുപ്രീം കോടതി പരിഗണിക്കുന്നുള്ളൂ എന്നും, ഇതുമായി ബന്ധപ്പെട്ട മറ്റെല്ലാ ഹർജികളും അതാത് ഹൈകോടതികൾക്ക്, സുപ്രീം കോടതിയുടെ മുൻകാല വിധികൾക്കനുസരിച്ച് പരിഗണിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. കേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും തമ്മിലുള്ള ഈ വൈരുധ്യങ്ങളിൽ കൂടുതൽ വാദം കേൾക്കുന്നതിനുവേണ്ടി സുപ്രീം കോടതി ഈ കേസുകൾ 2023 ഫെബ്രുവരി മാസത്തിലേക്ക് മാറ്റി വെച്ചു. ഇതിനിടക്ക് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും കഴിഞ്ഞ 7 വർഷത്തിനുള്ളിൽ എത്രപേർക്ക് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട് എന്ന വ്യക്തമായ റിപ്പോർട്ട് നൽകാൻ അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
എച്. ഡി. ഇ. പി ഫൗണ്ടേഷന്റെ വേണ്ടി അഭിഭാഷകരായ ജുനൈസ് പടലത്തും, പ്രശാന്ത് കുളമ്പിലും സുപ്രീം കോടതിയിൽ ഹാജരായി.