മണ്ണാര്‍ക്കാട്: സംസ്ഥാന കായിക ഭൂപടത്തില്‍ മണ്ണാര്‍ക്കാടിനെ അടയാളപ്പെടുത്തിയ കെ.സി.കെ സയ്യിദ് അലിക്ക് ആദരം. സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.സി.കെ സയ്യിദ് അലിക്ക് മൊമെന്റോ സമ്മാനിച്ചു. സ്‌കൂള്‍ കായിക മേഖലയിലെ സമഗ്ര സംഭാവനകള്‍ക്കും ദേശീയതലത്തിലെ തിളക്കമാര്‍ന്ന വിജയങ്ങളും പരിഗണിച്ചാണ് സിഐടിയു കെ.സി.കെ സയ്യിദ് അലിയെ ആദരിച്ചത്. എംഇഎസ് കല്ലടി കോളേജ് ചെയര്‍മാനും, കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജരുമാണ് സയ്യിദ് അലി. ജില്ലാ അമേച്വര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്റെ സീനിയർ വൈസ് പ്രസിഡന്റുമാണ്.
കായിക മേളകളില്‍ തുടര്‍ച്ചയായി മികച്ച വിജയം കൈവരിക്കുന്ന പാലക്കാട്ടെ സ്‌കൂളുകളില്‍ പ്രധാനമാണ് കല്ലടി കുമരംപുത്തൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. വിദ്യാര്‍ത്ഥികളുടെ കായികക്ഷമത വര്‍ധിപ്പിക്കാനുള്ള പരിശീലനങ്ങളില്‍ മികച്ച ഇടപെടല്‍ നടത്തുന്നതിലൂടെയാണ് കല്ലടി നേട്ടങ്ങള്‍ കൈപ്പിടിയിലൊതുക്കുന്നത്. വരാനിരിക്കുന്ന സ്‌കൂള്‍ കായികമേളകളിലും വിജയപ്രതീക്ഷകള്‍ക്കപ്പുറം മറ്റൊന്നും കല്ലടിയുടെ മൈതാനത്തില്‍ അവശേഷിക്കുന്നില്ല.കോളേജിന്റെ കാര്യവും മറിച്ചല്ല. യൂണിവേഴ്‌സിറ്റി തലങ്ങളിലെ കലാകായിക മത്സരങ്ങളിലും കല്ലടി കോളേജ് മികവ് പുലര്‍ത്താറുണ്ട്, ഇത്തരത്തില്‍ പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളുടെ കായികപരിശീലന കാര്യങ്ങളിലും മറ്റും കൃത്യമായ ശ്രദ്ധപുലര്‍ത്തി വിജയങ്ങളെ താന്‍ നയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് സയ്യിദ് അലിയെ തേടി ആദരമെത്തിയത്. ഉപഹാര വിതരണ ചടങ്ങില്‍ മുന്‍ മന്ത്രിമാരായ എ കെ ബാലന്‍, പാലോളി മുഹമ്മദ് കുട്ടി, സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി തുടങ്ങിയവര്‍ സന്നിഹതരായിരുന്നു.