പാലക്കാട് നടക്കുന്ന നവകേരള സദസ്സിൻ്റെ പ്രഭാതഭക്ഷണ യോഗത്തിൽ മുൻ മുൻസിപ്പാലിറ്റി ചെയർപേഴ്സണും, വനിത ലീഗ് നേതാവുമായിരുന്ന എം കെ സുബൈദ പങ്കെടുത്തു.
നാടിന്റെ വികസനത്തില്‍ പങ്കാളിയാകുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. ഇതില്‍ രാഷ്ട്രീയം കാണേണ്ട കാര്യവുമില്ല. ഇപ്പോഴും ലീഗിന്റെ ഭാഗമാണ്. നാടിന്റെ വികസനകാര്യം ബഹിഷ്‌കരിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നിയത്, അത് കൊണ്ടാണ് പങ്കെടുത്തതെന്ന് സുബൈദ പറഞ്ഞു. നടപടി വരുമോയെന്ന കാര്യത്തില്‍ പേടിയില്ലെന്നും സുബൈദ പ്രതികരിച്ചു.
കോൺഗ്രസ് നേതാവ് എ വി ഗോപിനാഥും നവ കേരള സദസ്സിൻ്റെ പ്രഭാത ഭക്ഷണ യോഗത്തിൽ പങ്കെടുക്കാനെത്തി. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന് ഒപ്പമാണ് എ വി ഗോപിനാഥ് നവകേരള സദസ്സില്‍ പങ്കെടുക്കാനായി എത്തിയത്. പാലക്കാട് വികസന കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാനാണ് പരിപാടിക്ക് എത്തിയതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി. സിപിഎം സെക്രട്ടറിയോടൊപ്പമുള്ള യാത്ര സിപിഎം നോടൊപ്പമുള്ള യാത്രയാകുമോ എന്ന ചോദ്യത്തിന് എന്തും സംഭവിക്കാമെന്നായിരുന്നു ഗോപിനാഥന്റെ മറുപടി