മണ്ണാർക്കാട്: അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ 15 കിലോയ്ക്കടുത്ത് തൂക്കം വരുന്ന രണ്ടു ചാക്ക് കഞ്ചാവ് പോലീസ് കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് കണ്ടെടുത്തത്. അട്ടപ്പാടിയിൽ നിന്നു കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് മണ്ണാർക്കാട് പോലീസ് ആനമൂളി ചെക്ക് പോസ്റ്റിലെത്തിയിരുന്നു. കുറേനേരം കാത്തു നിന്ന ശേഷവും സംശയാസ്പദമായ നിലയിലുള്ള വാഹനം കാണാതായതോടെ, ഉപേക്ഷിച്ച് കടന്ന് കളഞ്ഞിട്ടുണ്ടാവുമെന്ന സാധ്യത കണക്കിലെടുത്ത് ആനമൂളിക്കും പാലവളവിനും ഇടയിലുള്ള മുന്നൂറു മീറ്ററോളം ഭാഗം പോലീസ് തിരച്ചിൽ നടത്തി. ഇതിനിടെ പോലീസിനെ സഹായിക്കാനായി യാത്രക്കാരായ ഏതാനും യുവാക്കളും ചേർന്നു. തുടർന്നാണ് റോഡരികിലെ കാട്ടിൽ നിന്നായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച് ചാക്കുകളിലാക്കിയ കഞ്ചാവു ശേഖരം കണ്ടെത്തിയത്. കഞ്ചാവ് കടത്തിയവർ പോലീസിനെ ഭയന്നും പിന്നീട് എടുത്തു കൊണ്ടുപോകാമെന്ന ധാരണയിലും ചാക്കു കെട്ടുകൾ റോഡരികിലെ കാട്ടിലേക്ക് തള്ളിയതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു.
എസ്.ഐ ടി.വി. ഋഷിപ്രസാദ്, എ.എസ്.ഐ. കെ.ടി. സൗദ, സിവിൽ പോലീസ് ഓഫീസർ കെ. വിനോദ്കുമാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.