കൊല്ലം: കുപ്രസിദ്ധികൾ കൊണ്ട് ട്രോളുകളിൽ ഇടം പിടിക്കുന്ന കൊല്ലത്ത് നിന്ന് മറ്റൊരു അസാധാരണ വാർത്ത. വലിച്ചു കൊണ്ടിരുന്ന സിഗരറ്റിന്റെ പകുതി നല്‍കിയില്ലെന്ന പേരില്‍ രണ്ടു പേരെ കൊല്ലം അഞ്ചലിൽ വെട്ടി പരുക്കേല്‍പ്പിച്ചു. ഓട്ടോ ഡ്രൈവര്‍മാരായ ഷമീര്‍, അജ്മല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. അമിത്, അജിത് എന്നിവരാണ് ബൈക്കിലെത്തി യുവാക്കളെ ആക്രമിച്ചത്. പ്രതികളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ പ്രതികള്‍ പുക വലിക്കുകയായിരുന്ന ഷമീറിനോട് സിഗരറ്റ് ചോദിച്ചു. എന്നാല്‍ ഷമീര്‍ സിഗരറ്റ് നല്‍കിയില്ല. ഇതേതുടര്‍ന്ന് യുവാക്കള്‍ ഷമീറിനെ മര്‍ദിച്ചു. ഓട്ടോറിക്ഷ എടുത്തു രക്ഷപ്പെടാന്‍ ശ്രമിച്ച ഷമീറിനെ പിന്തുടര്‍ന്ന് വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. അക്രമം തടയാനെത്തിയ അജ്മലിനും വെട്ടേറ്റു.
ബൈക്കില്‍ വന്ന പ്രതികള്‍ സംഭവത്തിനു പിന്നാലെ രക്ഷപ്പെട്ടു. സംഭവത്തെതുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പനയഞ്ചേരി ഭാഗത്തു നിന്ന് രണ്ടു പേരെയും പിടികൂടുകയായിരുന്നു.