മലപ്പുറം: ഇമാമിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. മലപ്പുറം തിരൂരിലാണ് സംഭവം. കൂട്ടായി വാടിക്കൽ സ്വദേശികളായ മുബാറക്ക് (26) ഇസ്മയിൽ (35) എന്നിവരെയാണ് തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. പെരുന്തുരുത്തി തൂക്കുപാലത്തിന് സമീപത്ത് നിന്നാണ് പിന്നീട് പ്രതികളെ പോലീസ് പിടികൂടിയത്.
മുബാറക്കിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് പെണ്‍വീട്ടുകാര്‍ ഇമാമിനോട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.
ഇതിന് പിന്നാലെ വിവാഹം മുടങ്ങുകയായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
തിരൂർ പടിഞ്ഞാറെക്കര പള്ളിയിലെ ഇമാമിനെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രതികൾ ഇരുമ്പ് വടി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.തലയ്‌ക്കു പിന്നിൽ ഗുരുതരമായി പരുക്കേറ്റ ഇമാമിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.