മണ്ണാര്‍ക്കാട്: കായിക മേളകളില്‍ മണ്ണാര്‍ക്കാടിന്റെ യശസ്സുയര്‍ത്തുന്ന കല്ലടിയുടെ ഇത്തവണത്തെ ലക്ഷ്യം സംസ്ഥാന കിരീടമാണ്. അതിനായി കച്ചമുറുക്കുകയാണ് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കായിക പ്രതിഭകള്‍. ഈ അധ്യയന വര്‍ഷത്തെ കായിക മികവുകള്‍ കൈപ്പടിയിലൊതുക്കാനുള്ള കുതിപ്പ് സബ് ജില്ലാ കായികമേളയില്‍ നിന്നും ആരംഭിച്ചു കഴിഞ്ഞു. രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരത്തിനിറങ്ങിയ എംഇഎസ് കല്ലടി കോളേജ് മൈതാനത്ത് ഓവറാള്‍ ചാമ്പ്യന്‍മാരായാണ് കല്ലടി മത്സരം ഫിനിഷ് ചെയ്തത്.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടന്ന മണ്ണാര്‍ക്കാട് ഉപജില്ലാ കായികമേളയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അഗളി ഹൈസ്‌കൂളിനെ നാലിരിട്ടി പോയിന്റുകളുടെ വ്യത്യാസത്തിലാണ് കല്ലടി ചാമ്പ്യന്‍മാരായത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി വ്യത്യസ്ത ഇനങ്ങളില്‍ മത്സരിച്ച 46 പേരില്‍ 40 പേര്‍ ജില്ലാ സ്‌കൂള്‍ കായിക മേളയിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇവരിലാണ് ഇത്തവണത്ത പ്രതീക്ഷകള്‍ കനക്കുന്നത്. സംസ്ഥാന കായിക മേളയില്‍ ഒന്നാമതെത്താനുള്ള കഠിന പ്രയത്‌നത്തിലാണ് കല്ലടി സ്‌ക്കൂളെന്ന് മാനേജര്‍ കെ സി കെ സയ്യിദ് അലി പറഞ്ഞു. നിരവധി തവണ സംസ്ഥാന സ്ക്കൂൾ കായിക മേളയില്‍ ആദ്യ അഞ്ചിൽ വന്ന കല്ലടി റണ്ണറപ്പും ആയിട്ടുണ്ട്. ഇത്തവണ പ്രതീക്ഷകളേറെയുണ്ടെന്നും മാനേജർ പറഞ്ഞു.
1998 മുതല്‍ കായിക രംഗത്ത് സജീവമാണ് കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍.ഇക്കാലത്തിനുള്ളില്‍ നിരവധി ദേശീയ,അന്തര്‍ദേശീയ കായിക താരങ്ങളെ വാര്‍ത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ അബ്ദുള്ള അബൂബക്കര്‍ കല്ലടിയുടെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്.