മലപ്പുറം: രാവിലെ കൈക്കോട്ടും ചുമലിലേറ്റി തലയുയർത്തി തൊഴിലുറപ്പ് ജോലിക്ക് പോകുന്ന നബീസത്തയെ കണ്ടാൽ ആരും ഒന്ന് അമ്പരന്ന് പോകും, ഈ പ്രായത്തിൽ ഇതൊക്കെ എങ്ങനെ എന്ന ചിന്തയാവും മനസ്സിൽ. ഇനി കാര്യത്തിലേക്ക് വരാം നബീസ തേനേമൂച്ചി തൊഴിലുറപ്പ് തൊഴിലാളിയാണ്, പ്രായം 88 എന്നതാണ് ഔദ്യോഗിക രേഖയിലുള്ളത്. . പക്ഷേ യഥാർത്ഥ പ്രായം 97 ആണ് എന്നാണ് നബീസത്ത പറയുന്നത്. പോത്തുകല്ല് പഞ്ചായത്തിലെ വെളുമ്പിയംപാടം വാർഡിൽ നടക്കുന്ന തൊഴിലുറപ്പ് പ്രവൃത്തികളിൽ നബീസയും ജോലി ചെയ്യുന്നുണ്ട്.
കരിങ്കല്ല് ചുമക്കാനും കിളയ്ക്കാനുമെല്ലാം കൂടും. പ്രായം കുറഞ്ഞ തൊഴിലാളികളെക്കാൾ ഊർജസ്വലതയോടെയാണ് നബീസ ഇപ്പോഴും ജോലി ചെയ്യുന്നതെന്ന് വാർഡ് അംഗം സലൂബ് ജലീൽ പറഞ്ഞു. തൊഴിലുറപ്പ് പണിക്ക് പോകേണ്ടെന്ന് വീട്ടുകാർ പറയുമെങ്കിലും നബീസത്ത കേൾക്കില്ല. ‘എനിക്ക് ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലല്ലോ, പിന്നെന്താ പണിയെടുക്കുന്നതിന് എന്നാണ് നബീസത്തയുടെ വാദം. ഇതുവരെ സ്ഥിരമായി മരുന്നു കഴിക്കേണ്ടി വന്നിട്ടില്ല.
നബീസയുടെ മുപ്പതാമത്തെ വയസ്സിൽ ഭർത്താവ് മരിച്ചു. അന്ന് ചെറിയ മകന് ഒരു വയസ്സായിരുന്നു. 4 മക്കളിൽ 2 പേർ മരിച്ചു. മകൻ മുഹമ്മദിന്റെ കൂടെയാണ് ഇപ്പോൾ താമസം. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് നബീസത്തയെ പൊന്നാടയണിയിച്ച് ആദരിച്ചിട്ടുണ്ട്.