അതിർത്തി തർക്കം; സഹോദരിയെ വെട്ടി പരിക്കേൽപ്പിച്ചു

അങ്ങാടിപ്പുറം : കുടുംബസ്വത്തിലെ അതിരുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സഹോദരൻ സഹോദരിയെ വെട്ടി പരിക്കേൽപ്പിച്ചു. തിരൂർക്കാട് താമസിക്കുന്ന ചാലിയതൊടി സുകുമാരനാണ് (70) സഹോദരി ചെരക്കാപറമ്പ് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കമലത്തിനെ (65) കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്.

കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ കമലം എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ച മറ്റൊരു സഹോദരിയുടെ സ്വത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കമലം അവിവാഹിതയാണ്. തിരൂർക്കാട് താമസിക്കുന്ന സുകുമാരൻ ചെരക്കാപറമ്പിലെ കമലത്തിന്റെ വീട്ടിലെത്തിയാണ് കുത്തിയത്.

തെങ്ങുകയറ്റ തൊഴിലാളിയായ കോട്ടി സുകുമാരനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. സംഭവത്തിനുശേഷം രക്ഷപ്പെട്ട സുകുമാരനെ തിരൂർക്കാട് വെച്ച് പോലീസ് പിടികൂടുകയായിരുന്നു.
Previous Post Next Post

نموذج الاتصال