കല്ലടി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്ത്‌ ചേരുന്നു; മെസ്‌ഫിലിയ 2k23 ഫെബ്രുവരി 11ന്‌

മണ്ണാര്‍ക്കാട്‌: എംഇഎസ്‌ കല്ലടി കോളേജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം മെസ്‌ഫിലിയ 2k23 ഈ വരുന്ന ഫെബ്രുവരി 11ന്‌ കോളേജ്‌ അങ്കണത്തില്‍ നടക്കുമെന്ന്‌ സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കല്ലടി കോളേജില്‍ നിന്നും പഠിച്ച്‌ പുറത്തിറങ്ങിയവരില്‍ ഇന്ന്‌ ജീവിച്ചിരിക്കുന്നവരെ ഉള്‍ക്കൊള്ളുന്ന ഒരു അലുംനി അസോസിയേഷന്‍ രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം.കോളേജിന്റെ അക്കാദമികവും സാമൂഹികവും സേവനപരവുമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുകയെന്നതാണ്‌ അലുംനിയുടെ ലക്ഷ്യം.ജീവകാരുണ്യ സാമൂഹ്യ. പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ ബഹുമുഖ പദ്ധതികളാണ്‌ വിഭാവനം ചെയ്യുന്നത്‌. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ സംഗമത്തില്‍ ആസൂത്രണം ചെയ്യും.കോളജിന്റെ ചരിത്രമുള്‍പ്പടെ ഉള്‍ക്കൊള്ളിച്ച്‌ സുവനീര്‍ പുറത്തിറക്കും. അലുംനി ഭവന്‍ നിര്‍മിക്കാന്‍ പദ്ധതിയുള്ളതായും സംഘാടകര്‍ അറിയിച്ചു.

പതിനായിരത്തിലധികം ആളുകള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം പ്രവര്‍ത്തനങ്ങള്‍ നടന്ന്‌ വരികയാണ്‌.രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മൂവായിരത്തിലധികം ആളുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്‌ത്‌ കഴിഞ്ഞു. മണ്ണാര്‍ക്കാടിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച എംഎസ്‌ കല്ലടി കോളേജ്‌ 55 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഇതാദ്യമായാണ്‌ കോളേജിന്റെ ചരിത്രത്തില്‍ വിപുലമായ ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കാന്‍ പോകുന്നത്‌. ജീവിതത്തിന്റെ നാനാതുറകളില്‍ പ്രഗത്ഭരും പ്രശസ്‌തരായവരും സാധാരണ ജീവിതം നയിക്കുന്നവരുമായ പഴയ പഠിതാക്കളുടെ കൂടിച്ചേരില്‍ സാംസ്‌കാരിക സംഗമമായി മാറുമെന്നും സംഘാടകര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ കെപിഎസ്‌ പയ്യനെടം, ഡോ.സയ്യിദ്‌ അബൂബക്കര്‍ സിദ്ധീഖ്‌, ഉസ്‌മാന്‍ കരിമ്പനക്കല്‍, കെ ഹംസ, യു ഷബീന, അഡ്വ.മുഹമ്മദ്‌ റാഫി,ഹാഷിം തങ്ങള്‍, പ്രൊഫ.പി.എം സലാഹുദ്ദീന്‍, പ്രൊഫ.ടിഎ അബ്ദുള്‍ അലി തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post