ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിമയിൽ സജീവസാന്നിധ്യമായി, ഒരു പിടി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മരണത്തിലേക്കു കടന്നു പോയ താരമാണ് സന്തോഷ് ജോഗി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മരണം. സന്തോഷ് ജീവനൊടുക്കുമ്പോൾ 25 വയസ്സായിരുന്നു ഭാര്യ ജിജി ജോഗിയുടെ പ്രായം. ഭർത്താവ് മരിച്ച് ഒരു വർഷം തികയും മുമ്പേ, നാലും രണ്ടും വയസ്സുള്ള പിഞ്ചു പെൺകുഞ്ഞുങ്ങളെയും തന്റെ മാതാപിതാക്കളെയും ചേർത്തു പിടിച്ചു തെരുവിലേക്കെന്ന പോലെ വീടുവിട്ടിറങ്ങുമ്പോൾ തന്നെ മൂടിയ ഇരുളില്‍ നിന്നു പ്രതീക്ഷയുടെ വെട്ടത്തിലേക്കു ജിജി നടന്നു നീങ്ങിയതിനെ ബഹുമാനത്തോടെയല്ലാതെ ആർക്കും വിവരിക്കുവാനാകില്ല.
ആ സമയത്തെക്കുറിച്ച് ജിജി ഓർത്തെടുക്കുന്നത് ഇങ്ങനെ
പൂജ്യത്തിൽ നിന്നു ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു അതിനു ശേഷം ഞാൻ. സീതാറാം ആയുർവേദ ഫാർമസിയില്‍ ചെറിയ ജോലിയുണ്ടായിരുന്നെങ്കിലും ആ വരുമാനം കൊണ്ടു ചെലവ് നടക്കുമായിരുന്നില്ല. രണ്ടു ചെറിയ കുട്ടികള്‍, അമ്മ നിത്യരോഗി, കടങ്ങള്‍... അങ്ങനെയാണ് ജോലി കഴിഞ്ഞുള്ള സമയം ഹോം ട്യൂഷൻ എടുക്കാൻ തുടങ്ങിയത്. 5 മണിക്ക് ജോലി കഴിഞ്ഞാൽ രാത്രി 10 വരെ പല വീടുകളിലായി കുട്ടികൾക്ക് ട്യൂഷനെടുക്കും. ഒപ്പം ഓൺലൈനിൽ ചെറിയ ചെറിയ ജോലികളും ചെയ്തു. അങ്ങനെ പതിയെപ്പതിയ ജീവിതത്തിലേക്കു തിരികെ കയറുകയായിരുന്നു. കടങ്ങൾ വീട്ടിത്തുടങ്ങി, കുറച്ചു സ്ഥലം വാങ്ങി, വീടു പണി തുടങ്ങി... തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ഒരു അത്ഭുതം പോലെ തോന്നുന്നു.
ഞങ്ങൾ ഇപ്പോൾ തൃശൂർ പനമുക്കിലെ സ്വന്തം വീട്ടിലാണ് താമസം. 2010 ൽ തുടങ്ങിയ വീടിന്റെ പണി ഈ വർഷമാണ് പൂർത്തിയായത്. വീട് പണി തുടങ്ങി ചുവരുകളും വാതിലുകളും വച്ചപ്പോൾ തന്നെ ഞങ്ങൾ അവിടെ താമസം തുടങ്ങിയിരുന്നു.
അക്കാലത്ത് ഞാൻ എന്റെ മക്കളെ കണ്ടിട്ടില്ലെന്നു പറയാം. രാവിലെ അവർ ഉണരും മുമ്പേ ഞാൻ പോകും. രാത്രി അവർ ഉറങ്ങിക്കഴിഞ്ഞാണ് മടങ്ങി എത്തുക. എന്റെ അച്ഛനും അമ്മയുമാണ് അവരെ വളർത്തിയത്. ഇടയ്ക്ക് ജോഗിയുടെ വീട്ടിലേക്കും പോകും.
പ്രശ്നങ്ങൾ തീർന്നു തുടങ്ങിയതോടെ 2014ൽ ഞാൻ ഹോം ട്യൂഷൻ നിർത്തി. മറ്റൊരു ജോലിക്കു ചേർന്നു. ഈ കാലത്ത് തന്നെയാണ് സൈക്കോളജി പഠിക്കാനും പബ്ലിക്കേഷൻ തുടങ്ങാനുമൊക്കെ തീരുമാനിച്ചത്. കുറച്ചു കടങ്ങൾ കൂടി ബാക്കിയുണ്ട്. അതും ഉടൻ വീട്ടണം. ഇപ്പോൾ സീതാറാമിൽ ടെക്നിക്കൽ മാനേജരായാണ് ഞാൻ ജോലി ചെയ്യുന്നത്.
Tags
kerala