പാലക്കാട്: പട്ടാപ്പകൽ വീടിന്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ സ്ത്രീ പിടിയിൽ. ചെമ്മണന്തോട് കോളനി മുതലമട കൊല്ലങ്കോട് സ്വദേശിനി ലക്ഷ്മി (33) ആണ് അറസ്റ്റിലായത്. പാലക്കാട് മേഴ്സി കോളേജ് ഭാഗത്ത് സുധ പ്രേമിന്റെ വീട്ടിലാണ് മോഷണം നടത്തിയത്. പട്ടാപ്പകൽ വീടിന്റെ പൂട്ട് പൊളിച്ച് ഓട്ടുപാത്രങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷണം നടത്തിയ കേസിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതി നഗരത്തിൽ വിവിധയിടങ്ങളിൽ സമാന രീതിയിൽ മോഷണം നടത്തിയതായി സംശയിക്കുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്യും. അറസ്റ്റിലായ പ്രതിക്ക് എതിരെ പാലക്കാട്, എറണാകുളം ജില്ലകളിലായി അഞ്ച് കേസുകൾ ഉണ്ട്. ചെമ്മണന്തോട് കോളനിയിലെ മിക്കവരും കേരളത്തിലും തമിഴ്നാട്ടിലും മോഷണ കേസുകളിൽ പ്രതിയാണ്. നഗരത്തിലെ പലഭാഗങ്ങളിലായി തമ്പടിച്ച് രാത്രിയും പകലും ആളില്ലാത്ത വീടുകൾ കണ്ടുപിടിച്ച് കളവ് നടത്തുന്നതാണ് ഇവരുടെ രീതി.
അടുത്ത കാലത്തായി ഈറോഡ് നടന്ന 13 കൊലപാതകത്തിലൂടെ മുതലുകൾ അപഹരിക്കുന്ന സംഘത്തിലും ഈ കോളനിയിലെ ഒരാൾ പ്രതിയായിരുന്നു. പട്രോളിങ് ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി. പാലക്കാട് എഎസ്പി രാജേഷ് കുമാർ, വിപിൻ കുമാർ എസ്, എസ്ഐമാരായ മഹേഷ് കുമാർ എം, ഹേമലത വി, ശ്രീതു, എഎസ്ഐ ബിജു, സുനിമോൾ, ഉഷ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശശികുമാർ, രാജീദ് ആർ, സുനിൽ സി, അജിത് കുമാർ, പ്രിയൻ എന്നിവരാണ് മോഷണക്കേസിൽ അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.