മലപ്പുറം: കട്ടൻചായയിൽ വിഷം കലർത്തി സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വണ്ടൂർ കളപ്പാട്ടുക്കുന്ന് തോങ്ങോട്ട് വീട്ടിൽ അജയ്(24)യെ ആണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിസ്സാര കാര്യത്തിന് മുൻപ് വഴക്കുണ്ടായിരുന്നു ആ വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് കാരണമെന്നാണ് വിവരം. കാരാട് സ്വദേശി സുന്ദരനെയാണ് അജയ് കൊലപ്പെടുത്താൻ നോക്കിയത്. സുന്ദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ടാപ്പിങ് തൊഴിലാളിയാണിയാൾ.
പുലർച്ചെ ജോലിക്ക് പോകുമ്പോൾ കട്ടൻ ചായ ഫ്ലാസ്കിൽ കൊണ്ടുപോകുന്ന ശീലമുണ്ടായിരുന്നു സുന്ദരന്. ഓഗസ്റ്റ് പത്തിന് പണിക്ക് പോയപ്പോൾ കട്ടൻചായ ഫ്ലാസ്കിലെടുത്ത് ബൈക്കിൽ വെച്ചു. പണിക്കിടെ കുടിച്ചപ്പോൾ രുചിവ്യത്യാസം തോന്നി. ഫ്ലാസ്കിന്റെ പ്രശ്നമെന്തെങ്കിലുമാകുമെന്ന സംശയത്താൽ അടുത്ത ദിവസം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ ചായ കൊണ്ടുപോകാൻ തുടങ്ങി. പതിനാലാം തീയതി കട്ടൻചായ കുടിച്ചപ്പോഴും സമാനമായി രുചി വ്യത്യാസം തോന്നി. ഗ്ലാസിലൊഴിച്ച് പരിശോധിച്ചപ്പോൾ നിറവ്യത്യാസവും കണ്ടെത്തി
ഇതോടെ പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കട്ടനിൽ വിഷമാണ് കലർത്തിയതെന്നും പിന്നിൽ സുഹൃത്തായ അജയ് ആണെന്നും പൊലീസ് കണ്ടെത്തിയത്. പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇതോടെ അജയ് കുറ്റം സമ്മതിക്കുകയായിരുന്നു.