ചരിത്രാന്വേഷണത്തിൻ്റെ സാധ്യതകളും പ്രാധാന്യവും മനസ്സിലാക്കുക, ചരിത്രാന്വേഷണ ബോധം വളർത്തുക
എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയുടേയും ആഭിമുഖ്യത്തിൽ അഗളി ബി.ആർ.സി. യുടെ നേതൃത്വത്തിൽ മട്ടത്തുക്കാട് ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂളിൽ വെച്ച് നടത്തുന്ന ദ്വിദിന ശില്പശാലക്ക് തുടക്കമായി.
അട്ടപ്പാടിയിലെ മുഴുവൻ ഹൈസ്ക്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും പരിശീലനം ലഭിച്ച സാമൂഹ്യ ശാസ്ത്രം അധ്യാപകരുമാണ് ശില്പശാലയുടെ ഭാഗമായിട്ടുള്ളത്.
ചരിത്രത്തിൽ ഗോത്രവർഗക്കാരുടെ ഇടം എന്ന വിഷയത്തെ സംബന്ധിച്ച് മൂപ്പൻ സഭാ പ്രസിഡണ്ട് ചൊറിയ മൂപ്പൻ കുട്ടികളുമായി സംസാരിച്ചു. പണ്ട് ഗോത്രവിശേഷങ്ങളിൽ ആലപിച്ചിരുന്ന ഗാനങ്ങളും വാദ്യോപകരണങ്ങളും, കൃഷി രീതികളും, സംസ്ക്കാരവുമെല്ലാം പുതുതലമുറക്ക് അന്യമാവുകയാണെന്ന ആശങ്ക മൂപ്പൻ പങ്കുവെച്ചു. അട്ടപ്പാടിയുടെ ചരിത്ര സാധ്യതകൾ എന്ന വിഷയത്തെക്കുറിച്ച് ചരിത്രാന്വേഷിയും വിദഗ്ധനുമായ മാണി പറമ്പേട്ട് കുട്ടികളുമായി സംവദിച്ചു. ടിപ്പുവിന്റെ പടയോട്ടത്തെക്കുറിച്ചും മുസിരിസിലേക്കുള്ള വാണിജ്യ പാതയെ സംബന്ധിച്ചും കുട്ടികളുമായി സംവദിക്കുകയും ചരിത്രപരമായ ഗവേഷണവും ശാസ്ത്രീയ പരിശോധനയും ഈ മേഖലയിൽ നടക്കണമെന്നും കാലതാമസം കാരണം ചരിത്ര ശേഷിപ്പുകൾ നഷ്ടപ്പെടുകയാണെന്നും മാണി പറമ്പേട്ട് കൂട്ടിച്ചേർത്തു.
ചരിത്രമുറങ്ങുന്ന കൊടുങ്കരപ്പള്ളത്തിലേക്ക് കുട്ടികളുമായി യാത്ര പുറപ്പെടുകയും അവിടെ പ്രകടമായ ചരിത്ര ശേഷിപ്പുകൾ കാണിച്ച് നൽകുകയും ചെയ്തു. തൻ്റെ ജീവിതത്തിലെ 10 വർഷത്തിലധികം സമയം ഉഴിഞ്ഞുവെച്ച് ഡോ. എ.ഡി. മണികണ്ഠൻ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
കുട്ടികളിൽ ചരിത്രാന്വേഷണ ത്വര വളർത്താൻ സഹായിച്ച "പാദമുദ്രകൾ" എന്ന ദ്വിദിന ശില്പശാല നാളെ സമാപിക്കും. തുടർന്ന് ചരിത്രാന്വേഷണവുമായി ബന്ധപ്പെട്ട സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തുമെന്ന് ബ്ലോക്ക് പ്രൊജക്ട് കോർഡിനേറ്റർ കെ.ടി. ഭക്തഗിരീഷ് അറിയിച്ചു.
അഗളി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. സനോജ് അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി നിർവഹിച്ചു. ഷോളയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ. ജിതേഷ്, മട്ടത്തുക്കാട് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ മതിവാണൻ മാസ്റ്റർ, ട്രെയിനർമാരായ സജുകുമാർ, എം. നാഗരാജ്, ക്ലസ്റ്റർ കോർഡിനേറ്റർമാരായ കെ.വി. അനീഷ്, നുമി അഗസ്റ്റിൻ, നിഖിൽ. എം സെഡ് തുടങ്ങിയവർ സംസാരിച്ചു.