അഗളി:അട്ടപ്പാടിയില്‍ പശുവിനെ മേയ്ക്കാന്‍ പോയ വയോധികനെ കാട്ടാന ആക്രമിച്ചു.ഷോളയൂര്‍ മൂലഗംഗല്‍ ഊരിലെ വീരനെ (70)യാണ് ആന ആക്രമിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.ഊരിന് പിറകിലുള്ള വനത്തില്‍ പശുവിനെ മേയ്ക്കാനായി ചെന്നപ്പോള്‍ വീരന്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു.തുമ്പിക്കൈ കൊണ്ട് ഇടതുകാലില്‍ പിടുത്തമിടുകയായിരുന്നു.അത്ഭുതകരമായാണ് വീരന്‍ രക്ഷപ്പെട്ടത്.തുടയില്‍ ഗുരുതരമായി പരിക്കുണ്ട്. പരിക്കേറ്റ വീരന്‍ ഊരിലെത്തി വിവരം പറയുകയായിരുന്നു. ഉടന്‍ വനപാലകരെത്തി വീരനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സകള്‍ക്ക് ശേഷം വിദഗ്ദ്ധ പരിശോധനക്കായി വീരനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഷോളയൂര്‍ മേഖലയില്‍ കാട്ടാനശല്ല്യം രൂക്ഷമാവുകയാണ്.കഴിഞ്ഞ മാസം ഊത്തുക്കുഴി ഊരിലെ ലക്ഷ്മണനെന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.