മണ്ണാർക്കാട് : പാലക്കാട് - കോഴിക്കോട് ദേശീയപാതയോരത്തുള്ള കുന്തിപ്പുഴ കമ്യൂണിറ്റിഹാളിന് മുന്നിലുള്ള കടകളിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ബൈക്കുകൾ കത്തിനശിച്ചു. ബൈക്ക് , കാർ ആക്‌സസറീസ് കടയിലും ബൈക്ക് വർക്‌ഷോപ്പിലുമാണ് ഇന്നലെ രാത്രിയോടെ തീപ്പിടിത്തമുണ്ടായത്. ആർക്കും പരിക്കില്ല. ഒരു ബൈക്ക് പൂർണമായും മറ്റൊന്ന് ഭാഗികമായും കത്തിനശിച്ചു. കാറുകളുടെ വീൽക്കപ്പ്, ഹെൽമെറ്റുകൾ ഉൾപ്പെടെയുള്ള സാധനങ്ങളും അഗ്നിക്കിരയായി. രണ്ടുനിലകളിലായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെനിലയിലുള്ള ചങ്ങലീരി സ്വദേശി നിയാസിന്റെ ബൈക്ക്, കാർ ആക്‌സസറീസ് ഷോപ്പിലും പെരിമ്പടാരി സ്വദേശി റൗഫിന്റെ വർക്‌ഷോപ്പിലുമാണ് കടകളിലാണ് അഗ്നിബാധയുണ്ടായത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് നിഗമനം. വട്ടമ്പലത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ തീയണയ്ക്കുകയായിരുന്നു.
അഗ്നിരക്ഷാവിഭാഗം സീനിയർ ഓഫീസർ പി.കെ. രഞ്ജിത്ത്, ഓഫീസർമാരായ ടിജോ, രമേഷ്, രഞ്ജിത്ത്, അഗ്നിരക്ഷാവിഭാഗം ഡ്രൈവർ നസീർ, ഹോംഗാർഡ് അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. ഏകദേശം മൂന്നുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തെത്തുടർന്ന് ദേശീയപാതയിൽ ചെറിയ ഗതാഗത തടസ്സമുണ്ടായി. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി