മണ്ണാർക്കാട് : ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിളിനെ അവഹേളിക്കുകയും, കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിനെതിരെ മണ്ണാർക്കാട് നഗരത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടന്നു. ഇന്ന് സംഘടിപ്പിക്കപ്പെട്ട പ്രസ്തുത റാലിയിൽ നിരവധി ക്രൈസ്തവ വിശ്വാസികൾ പങ്കെടുത്തു.
മണ്ണാർക്കാട് പ്രസാദ മാതാ പള്ളിക്ക് മുന്നിൽ നിന്നും വൈകിട്ട് 5:30 ആരംഭിച്ച് ആശുപത്രിപടിയിലുള്ള കുരിശുപള്ളിയിൽ റാലി സമാപിച്ചു. തുടർന്ന് നടന്ന സമാപന യോഗത്തിൽ സജി കണ്ടമംഗലം സ്വാഗതവും, ബ്ര. മൈക്കിൾ സന്ദേശവും ജീവൻ ജോർജ് വേലിക്കകത്ത് നന്ദിയും പറഞ്ഞു.
വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍ കത്തിയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കാസര്‍ഗോഡ് സ്വദേശിയെ നേരത്തേ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുളിയാർ എരിഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫ (34)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കതിരേ ഐപിസി 153A (ലഹളയുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപിപ്പിക്കുക), 295A (മതത്തെയോ മത വിശ്വാസങ്ങളെയോ അവഹേളിച്ചുക്കൊണ്ട് പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ച് ബോധപൂർവ്വമായി പ്രവർത്തിക്കുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.