മണ്ണാര്‍ക്കാട്: പതിമൂന്നുകാരനെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുമരംപുത്തൂര്‍ നെച്ചുള്ളി ചുള്ളിയോട് പള്ളിയാലില്‍ അലിയുടെ മകന്‍ റാസിന്‍ ആണ് മരിച്ചത്. വ്യാഴം വൈകീട്ട് നാലരയോടെ ബന്ധുക്കളാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച റാസിന്‍. കുട്ടിയുടെ പിതാവ് വിദേശത്താണ്. മാതാവ് സലീന കഴിഞ്ഞ മാസം 24ന് ഉംറയ്ക്കും പോയിരുന്നതിനാല്‍ സമീപത്തെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. പിതൃസഹോദരന്റെ വീട്ടില്‍ നിന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് കിടക്കാന്‍ വന്നതായിരുന്നു. നാലരയ്ക്ക് ബന്ധുവീട്ടുകാര്‍ ചായയുമായി എത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്നും അടച്ചിരുന്നു. വിളിച്ചിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് മുറിയുടെ ജനാലയിലൂടെ നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മണ്ണാര്‍ക്കാട് പൊലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.റാസിനെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതിന്റെ സുചനകള്‍ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം വട്ടമ്പലം മദര്‍കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഏക സഹോദരന്‍ റിഷാന്‍.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക.അതിജീവിക്കാന്‍ ശ്രമിക്കുക.ഹെല്‍പ്പലൈന്‍ നമ്പരുകള്‍ - 1056, 2552056