മണ്ണാർക്കാട് നഗരമധ്യത്തിൽ പുലർച്ചെ വീട്ടിൽ കയറി മോഷണം

മണ്ണാര്‍ക്കാട്: മണ്ണാർക്കാട് ബസ് സ്റ്റാന്റിന് സമീപമുള്ള വീട്ടിൽ നിന്ന് ഒമ്പത് പവൻ വരുന്ന സ്വർണ്ണാഭരണങ്ങളും, പതിനൊന്നായിരം രൂപയും മോഷണം പോയി.  ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ താലിമാലയും, അലമാരയിൽ സൂക്ഷിച്ചിരുന്ന മറ്റ് ആഭരണങ്ങളും  പതിനൊന്നായിരം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.  മുബീനയുടെ കഴുത്തിലുണ്ടായിരുന്ന ആറ് പവന്റെ സ്വര്‍ണമാല, അലമാരയിലുണ്ടായിരുന്ന വള, പേഴ്‌സിലുണ്ടായിരുന്ന 3000 രൂപ, മകളുടെ കഴുത്തിലുണ്ടായിരുന്ന മാല, ഹംസയുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന 8000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്.  ബസ് സ്റ്റാന്‍ഡിന് സമീപം പെരിഞ്ചോളം റോഡില്‍ താമസിക്കുന്ന പാലത്തിങ്കല്‍ ഹംസയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കി.
ഹംസ, ഭാര്യ മുബീന, ഇവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് വീട്ടില്‍ താമസം. വീടിനോടു ചേര്‍ന്നുള്ള വാടക ക്വാര്‍ട്ടേഴ്‌സിന് മുകളില്‍ നിന്ന് ചെറിയ കോണി ഉപയോഗിച്ച് മോഷ്ടാക്കള്‍ രണ്ടാംനിലയിലുള്ള സണ്‍ഷേഡിലെക്ക് എത്തുകയും, വെന്റിലേറ്ററിലൂടെ അകത്തേക്ക് ഊര്‍ന്നിറങ്ങുകയും ചെയ്തു എന്നാണ് നിഗമനം. ഇത്തരത്തിലുള്ള മോഷണത്തിന്  ഒന്നിലധികം മോഷ്ടാക്കളുടെ സംഘമാവാം മോഷണം നടത്തിയത്  എന്നാണ് അനുമാനിക്കുന്നത്. ശബ്ദം കേട്ട് മുബീന ഉണർന്നപ്പോഴാണ് മാല നഷ്ടപ്പെട്ടത് അറിയുന്നത്. ഹംസയെ ഉടനെ  വിളിച്ചെഴുന്നേൽപ്പിച്ച് നടത്തിയ പരിശോധനയില്‍ വാതില്‍ തുറന്നുകിടക്കുന്നതായും കണ്ടെത്തി. ഉടന്‍  പോലീസിൽ വിവരമറിയിച്ചു. എസ്.ഐ വിവേകിന്റെ നേതൃത്വത്തില്‍  പോലീസെത്തി വിശദമായ പരിശോധന നടത്തി. ഷൊര്‍ണൂരില്‍ നിന്നും ഡോഗ് സ്‌ക്വാഡും പാലക്കാട് നിന്നും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് എസ്.ഐ. വിവേക് പറഞ്ഞു.
Previous Post Next Post

نموذج الاتصال