പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണയില്‍ നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറി മറിഞ്ഞു. കൊച്ചിയില്‍ നിന്ന് പെട്രോളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് നിർമാണം നടക്കുന്ന പാലത്തിൽനിന്ന് താഴെ ചതുപ്പിലേക്ക് മറിഞ്ഞത്. ബുധനാഴ്ച പുലർച്ച 12.15നാണ് സംഭവം. ഡ്രൈവര്‍ക്കും സഹായിക്കും നിസാര പരിക്കേറ്റിട്ടുണ്ട്. പെരിന്തൽമണ്ണ ഊട്ടി റോഡിലെ മുണ്ടത്ത് പാലത്തിൽ നിന്നുമാണ് ടാങ്കർ ലോറി താഴേക്ക് വീണത്.
വീഴ്ചയിൽ ഇന്ധനം ചോർന്നെങ്കിലും പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ സി. ബാബുരാജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടാവസ്ഥ ഇല്ലെന്ന് ഉറപ്പാക്കി. ലോറി ഡ്രൈവർ, ക്ലീനർ എന്നിവർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ മേലാറ്റൂർ മുതൽ പുലാമന്തോൾ വരെ 30 കി.മീ റോഡ് പ്രവൃത്തിയുടെ ഭാഗമായി പെരിന്തൽമണ്ണ ഊട്ടി റോഡിൽ മുണ്ടത്തപ്പാലം പൊളിച്ച് പുതുക്കി നിർമിക്കുന്നുണ്ട്. പാലം പണി കഴിഞ്ഞെങ്കിലും റോഡ് പണി പൂർത്തിയാക്കി ഗതാഗതത്തിനു സജ്ജമാക്കിയിട്ടില്ല. പാലത്തിൽ മണ്ണ് കൂട്ടിയിട്ട ഭാഗത്ത് എതിരെ വന്ന വാഹനത്തിന്റെ വെളിച്ചത്തിൽ റോഡ് കാണാതെ ടാങ്കർലോറി നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പറയുന്നത്.