മണ്ണാര്‍ക്കാട്: നഗരമധ്യത്തിലെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് പോലീസിന്റെ അന്വേഷണം ഊര്‍ജ്ജിതം. സ്ഥലത്ത് രണ്ടിടങ്ങളിലായുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ചു. സംഭവ സ്ഥലത്ത് നിന്നും മൂന്ന് വിരലടയാളങ്ങളാണ് ലഭിച്ചിട്ടുള്ളത്.ഇത് കേന്ദ്രീകരിച്ചും പരിശോധന നടത്തും. മോഷണം ആസൂത്രിതമാണോ പിന്നില്‍ അന്യസംസ്ഥാന മോഷ്ടാക്കളായിരിക്കുമോയെന്നും സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മോഷ്ടാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസമാണ് പെരിഞ്ചോളം റോഡില്‍ താമസിക്കുന്ന പാലത്തിങ്കല്‍ പി ഹംസയുടെ വീട്ടില്‍ മോഷണം നടന്നത്. ഒമ്പത് പവന്‍ സ്വര്‍ണാഭരണങ്ങളും പതിനൊന്നായിരം രൂപയുമാണ് അപഹരിക്കപ്പെട്ടത്. രണ്ട് നിലകളുള്ള വീടിന്റെ വെന്റിലേറ്റര്‍ വഴിയാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസിന്റെ നിര്‍ദേശാനുസരണം സി ഐ ബോബിന്‍ മാത്യു, എസ് ഐ വിവേക് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.