മണ്ണാർക്കാട്:സർക്കാർ,എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയിൽ മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ നിന്നും നൂറ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നേട്ടം. മണ്ഡലം പരിധിയിലെ വിദ്യാലയങ്ങളിൽ നിന്ന് ചരിത്രത്തിലാദ്യമായാണ് ഇത്രയും വിദ്യാർത്ഥികൾ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടുന്നത്. ജില്ലയിലെ 325 വിജയികളിൽ ഏറ്റവും കൂടുതൽ മണ്ണാർക്കാട് നിന്നുമാണ്. നിയോജക മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തിനായി എൻ.ഷംസുദ്ദീൻ എം.എൽ.എ ആവിഷ്കരിച്ച ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ പതിനാല് പൊതുവിദ്യാലയങ്ങളിലെയും പരീക്ഷാർത്ഥികൾക്ക് എൻസ്കൂൾ ലേണിങ് ആപ്പിന്റെ അക്കാദമിക പിന്തുണയോടെ സമയബന്ധിതമായി
സമഗ്ര പരിശീലനം നൽകിയിരുന്നു. ആയിരത്തി ഇരുനൂറിൽപരം വിദ്യാർത്ഥികളിൽ നിന്ന് സ്ക്രീനിങ് ടെസ്റ്റിലൂടെ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് ഓറിയന്റേഷൻ പ്രോഗ്രാം, സ്പെഷ്യൽ കോച്ചിങ്, ഓൺ ലൈൻ ക്ലാസുകൾ, ടെസ്റ്റ് സിരീസ്, മാതൃകാ പരീക്ഷ തുടങ്ങിയവയും ഓരോ സ്കൂളിലെയും നോഡൽ ടീച്ചേഴ്സിന് പ്രത്യേക പരിശീലനവും ഫ്ലെയിം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചത്. മണ്ണാർക്കാട് എം.ഇ.എസ്. ഹയർസെക്കന്ററി സ്കൂളിൽ നിന്ന് 34 പേരും എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിൽ നിന്ന് 18 പേരും സ്കോളർഷിപ്പിന് അർഹത നേടി. എം.ഇ.എസ്സിന് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനവും ലഭിച്ചു. അട്ടപ്പാടി മേഖലയിലെ വിദ്യാലയങ്ങളിലും സ്കോളർഷിപ്പ് ജേതാക്കളുടെ എണ്ണം ഗണ്യമായി വർധിച്ചു. സർക്കാർ വിദ്യാലയങ്ങളിൽ എടത്തനാട്ടുകര ജില്ലയിൽ ഒന്നാമതെത്തി. വിജയികൾക്ക് ഒമ്പതാം ക്ലാസ് മുതൽ പ്ലസ്ടു വരെ പ്രതിവർഷം 12,000 രൂപ വീതം ലഭിക്കും. ജില്ലയിലാകെ 325 പേർക്കാണ് എൻ.എം.എം.എസ് സ്കോളർഷിപ്പ് ലഭിക്കുക. കഴിഞ്ഞ വർഷം അമ്പതിൽപരം കുട്ടികളാണ് മണ്ഡലത്തിൽ നിന്നും സ്കോളർഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. നാളിതുവരെയില്ലാത്ത അതുല്യ നേട്ടം വിദ്യാർത്ഥികൾ കൈവരിച്ചതിൽ അഭിമാനിക്കുന്നുവെന്നും ഫ്ലെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തുന്നതിൽ അങ്ങേയറ്റം ചാരിതാർത്ഥ്യമുണ്ടെന്നും എൻ.ഷംസുദ്ദീൻ എം.എൽ.എ പറഞ്ഞു. വിജയികളായ മുഴുവൻ വിദ്യാർത്ഥി പ്രതിഭകളെയും വിദഗ്ധ പരിശീലനത്തിന് നേതൃത്വം നൽകിയ എൻസ്കൂൾ ലേണിങ്,ഫ്ലെയിം കോർ ഗ്രൂപ്പ് അംഗങ്ങൾ,നോഡൽ ടീച്ചേഴ്സ് എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു. എൻസ്കൂൾ ലേണിങ് സി.ഇ.ഒ കെ.വി.മുഹമ്മദ് യാസീൻ, കോ-ഓർഡിനേറ്റർ ബിനീഷ് തേങ്കുറുശ്ശി, ഡോ.ടി.സൈനുൽ ആബിദ്, ഹമീദ് കൊമ്പത്ത്, കെ.ജി.ബാബു, സിദ്ദീഖ് പാറോക്കോട്, പി. മുഹമ്മദ് അഷ്റഫ്, സലീം നാലകത്ത്, എം.മുഹമ്മദലി മിഷ്കാത്തി, ജോബ് ഐസക്, പി.സി.എം.ഹബീബ്, ഷമീർ പഴേരി, മുനീർ താളിയിൽ, ബിലാൽ മുഹമ്മദ്, ഷമീർ മണലടി തുടങ്ങിയവരടങ്ങുന്ന ഫ്ലെയിം കോർ ഗ്രൂപ്പാണ് എം.എൽ.എയുടെ വിദ്യാഭ്യാസ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.