കൊല്ലപ്പെട്ട സിദ്ദിഖിന്റെ പേരിലാണ് ഈ ഹോട്ടലിൽ രണ്ടു മുറികളും എടുത്തിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കോഴിക്കോട് നഗരപരിധിയിൽ സിദ്ദിഖിന് സ്വന്തമായി ഹോട്ടലുണ്ടെന്നിരിക്കെ എന്തിന് ഈ ഹോട്ടലിൽ മുറിയെടുത്തു എന്നാണ് സംശയം.സിദ്ദിഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വ്യക്തിവൈരാഗ്യമോ, പണമോ, ഹണിട്രാപ്പോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ഹോട്ടലിൽ രണ്ട് മുറികൾ ബുക്ക് ചെയ്തത് സിദ്ധിഖാണ്. എന്തിനാണ് സിദ്ധിഖ് രണ്ട് മുറികൾ ബുക്ക് ചെയ്തതെന്ന ചോദ്യമാണ് അന്വേഷണ സംഘത്തെ കുഴപ്പിക്കുന്നത്. രണ്ട് മുറികളിലൊന്ന് മരുമകൾക്കാണ് എന്ന് പറഞ്ഞാണ് സിദ്ദിഖ് ബുക്ക് ചെയ്തത്. മുറിയെടുത്ത സിദ്ധിഖ് റൂം വിട്ട് പുറത്ത് പോയില്ല. ഷിബിലിയും ഫർഹാനയും പലതവണ പുറത്ത് പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ മാസം 18നാണ് സിദ്ദിഖ് ഇവിടെ മുറിയെടുത്തത്. പിന്നീട് 19–ാം തീയതി ഉച്ചയ്ക്ക് 3.09നും 3.19നും ഇടയ്ക്കാണ് രണ്ട് ട്രോളി ബാഗുകളിലാക്കിയ മൃതദേഹ ഭാഗങ്ങളുമായി ഇവർ പുറത്തേക്കു പോയത്. 18–ാം തീയതിക്കും 19–ാം തീയതിക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
ഫർഹാനയുടെ പക്കൽ നിന്ന് പാസ്‌പോർട്ട്, 16,000 രൂപ, മൊബൈൽ ഫോൺ , പൂട്ടിയ സ്യൂട്ട് കേസ് എന്നിവയാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കൊലപാതകത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിദ്ദിഖിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ഫർഹാനയുടെ കുടുംബത്തിലേക്കും നീളുന്നുണ്ട്. ഫർഹാനയുടെ മാതാവ് ഫാത്തിമ പൊലീസ് നിരീക്ഷണത്തിലാണ്.