കോഴിക്കോട്: അട്ടപ്പാടി സ്വദേശി നിഷാദിനെ തട്ടി കൊണ്ടുപോയ കേസിലെ പ്രതികൾ റിമാൻഡിൽ. രണ്ട് ദിവസം മുമ്പാണ് രാത്രി പന്ത്രണ്ടരയോടെ കോഴിക്കോട് നഗരത്തിലെ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുമ്പിൽ നിന്ന് ഒരു സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയത്.
പുതുപ്പാടി, മണ്ണാർക്കാട് സ്വദേശികളാണ് നിഷാദിനെ തട്ടി കൊണ്ടുപോയത്. സിറാജ്, പി.കെ ഹുസൈൻ, യു.കെ മുഹമ്മദ് ഇർഫാൻ , യു.പി ദിൽഷാദ്, പി.കെ ഹൈദരലി, കെ ജുനൈദ്, ജഷീർ എന്നിവരാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്. കോഴിക്കോട് - വയനാട് അതിർത്തിയിലെ കണ്ണപ്പം കുണ്ട് മലയിൽ നിന്നായിരുന്നു ഇവരെ നടക്കാവ് പൊലിസ് അതിസാഹസികമായി പിടികൂടിയത്
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ആരെയാണ് തട്ടി കൊണ്ടുപോയതെന്ന് വ്യക്തമാകാത്തത് ആദ്യ സമയങ്ങളിൽ പൊലിസിന് വെല്ലുവിളിയായിരുന്നു - ടൂറിസ്റ്റ് ഹോം സുരക്ഷാ ജീവനക്കാരന്റെ പരാതിയിലായിരുന്നു നടക്കാവ് പൊലിസ് ആദ്യം കേസെടുത്തത്. കഴിഞ്ഞ ദിവസം നിഷാദിനെ കാണാനില്ലെന്ന് പറഞ്ഞു ഭാര്യ കൊണ്ടോട്ടി പൊലിസിൽ നൽകിയ പരാതിയിൽ പിന്നീട് കേസന്വേഷണം വേഗത്തിലാക്കുകയായിരുന്നു. ഒന്നാം പ്രതി സിറാജുമായി നിഷാദിനുള്ള ബന്ധം മനസിലാക്കിയ പൊലിസ് അന്വേഷണം സിറാജിനെ കേന്ദ്രീകരിച്ചാക്കി . തുടർന്നായിരുന്നു പ്രതികൾ വലയിലായത് . സിറാജിന്റെ കാർ 7 ലക്ഷം രൂപ നൽകാമെന്ന ധാരണയിൽ പണയത്തിന് നിഷാദ് വാങ്ങിയിരുന്നു പക്ഷെ പണം നൽകിയില്ല. ഇതായിരുന്നു തട്ടി കൊണ്ടുപോകലിന് കാരണം