മണ്ണാര്‍ക്കാട്: കോങ്ങാട് എംഎൽഎ അഡ്വ: ശാന്തകുമാരിക്കെതിരെ രൂക്ഷ വിമർശനവുമായി വ്യാപാരികൾ. ചിറയ്ക്കല്‍പ്പടി - കാഞ്ഞിരപ്പുഴ റോഡിന്റെ നവീകരണം തടസ്സപ്പെട്ടതിന്റെ കാരണങ്ങളിലൊന്ന് കാഞ്ഞിരം ടൗണിലെ വ്യാപാരികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണെന്ന എം.എല്‍.എ.യുടെ പ്രസ്താവനക്കെതിരെയാണ് വ്യാപാരി നേതാക്കൾ രംഗത്ത് വന്നത്. സ്വന്തം കഴിവുകേട് മറയ്ക്കാന്‍ വേണ്ടിയാണ് എം എൽ എ ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പുഴ യൂണിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവൃത്തികള്‍ നിര്‍ത്തിവെക്കാനായി വ്യാപാരികള്‍ കോടതിയെ സമീപിച്ചിട്ടില്ല. 2018 ല്‍ തുടങ്ങിയ പ്രവൃത്തികള്‍ 2022 ല്‍ കരാറുകാരന്‍ ഉപേക്ഷിച്ചു പോയപ്പോഴാണ് വ്യാപാരികള്‍ കോടതിയെ സമീപിച്ചത്. റോഡ് നവീകരണം പുനരാരംഭിക്കണമെന്നാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സെപ്റ്റംബറില്‍ പണി പൂര്‍ത്തീകരിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നിട്ടും പ്രവൃത്തികള്‍ തുടങ്ങാത്തതിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. എം.എല്‍.എയുടെ ആരോപണം പൂര്‍ണ്ണമായും തെറ്റാണ്. പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണം. റോഡ് നവീകരണത്തിന് വ്യാപാരികള്‍ എതിരല്ല. പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാത്തതിലാണ് അതൃപ്തിയുള്ളത്. വ്യാപാരികള്‍ തെറ്റുകാരല്ല. കുറ്റക്കാരായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. നേരത്തെ 25 ലക്ഷംരൂപ ചിലവില്‍ അറ്റകുറ്റപ്പണി നടത്തിയതില്‍ അഴിമതിയുണ്ട്. കാഞ്ഞിരം ടൗണില്‍ അഴുക്കുചാല്‍ നിര്‍മിക്കാതെ 65 ലക്ഷംരൂപ ചിലവില്‍ അറ്റകുറ്റപ്പണി വീണ്ടും നടത്തുന്നതും ഗുണകരമാകില്ലെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പുഴ യൂനിറ്റ് പ്രസിഡന്റ് ജോര്‍ജ് നമ്പുശ്ശേരില്‍, ജനറല്‍ സെക്രട്ടറി ബിജുമോന്‍.ടി.ഇലവുങ്കല്‍, എക്‌സിക്യുട്ടിവ് അംഗങ്ങളായ ഖാലിദ് പൈക്കാടന്‍, ബാലചന്ദ്രന്‍ കൊറ്റിയോട് തുടങ്ങിയവര്‍ പങ്കെടുത്തു.
ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ്: അറ്റകുറ്റപ്പണിയല്ല, നവീകരണമാണ് വേണ്ടത് :ജനകീയ കൂട്ടായ്മ
മണ്ണാര്‍ക്കാട്: അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ദുരിതമാണ് ചിറക്കല്‍പ്പടി - കാഞ്ഞിരപ്പുഴ റോഡില്‍ ജനങ്ങൾ അനുഭവിക്കുന്നത്. റോഡ് അറ്റകുറ്റപ്പണിയല്ല നവീകരണം പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്ന് കാഞ്ഞിരപ്പുഴ റോഡ് പ്രതിരോധ ജനകീയ കൂട്ടായ്മ പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചിലര്‍ക്ക് ഈ റോഡ് പൊന്‍മുട്ടയിടുന്ന താറാവാണ്. റോഡ് നവീകരണം പൂര്‍ത്തിയാക്കാതെ അറ്റകുറ്റപ്പണി മാത്രം നടത്തുന്നത് ഇതാണ് വെളിവാക്കുന്നത്. 67 ലക്ഷം രൂപ വിനിയോഗിച്ചുള്ള അറ്റകുറ്റപ്പണികള്‍ കൊണ്ട് കാഞ്ഞിരം ടൗണിലെ ദുരിതം തീരില്ല. ഇവിടെ അഴുക്കാചാല്‍ സംവിധാനം തന്നെയാണ് വേണ്ടത്. റോഡിന്റെ കാര്യത്തില്‍ ശാശ്വതമായ പരിഹാരമാണ് ജനങ്ങള്‍ക്ക് ആവശ്യം. ഇത് മുന്‍നിര്‍ത്തിയാണ് ജനങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചത്. രാഷ്ട്രീയ അടിത്തറയില്ലാത്ത കൂട്ടായ്മയാണിത്. അഴിമതിയെ ചോദ്യം ചെയ്യും. അഞ്ച് കൊല്ലക്കാലത്തോളമായി ദുരിതം പേറുകയാണ്. ഇത്രയും കാലം ക്ഷമിച്ചു ഇനി വയ്യെന്നും അറ്റകുറ്റപ്പണിയുമായി വന്നാല്‍ തടയുമെന്നും കൂട്ടായ്മ പ്രതിനിധികള്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മല്‍ മണങ്ങാട്ടില്‍, ദീപു അഗസ്റ്റിന്‍, ബിനോയ് മണിമല, മുഹമ്മദ് മുസ്തഫ, സുബിന്‍ മണിമല എന്നിവര്‍ പങ്കെടുത്തു.