നവകേരള സദസ്സിന് പണം നൽകില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത്, നൽകാനാവില്ലെന്ന് നഗരസഭ

മണ്ണാര്‍ക്കാട്  :  നവകേരള സദസിന് പണം നല്‍കാന്‍ കഴിയില്ലെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്. ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ്  ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. തനത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. പണം ആവശ്യപ്പെട്ട് നവംബര്‍ ഒന്നിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇത് ബി.ഡി.ഒ യോഗത്തില്‍ വായിച്ചെങ്കിലും യു.ഡി.എഫിന്റെ മെമ്പര്‍മാര്‍ പണം നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ചു. ഉത്തരവ് നിയമവിരുദ്ധമാണെന്നും പഞ്ചായത്തുകളോട് തനത് ഫണ്ടില്‍ നിന്നും പണം അനുവദിക്കണമെന്ന് നിര്‍ദേശിക്കാനുള്ള അധികാരം സര്‍ക്കാറിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ഇല്ലെന്നും എന്തിനെല്ലാം ഉപയോഗിക്കണമെന്നത് തീരുമാനിക്കാനുള്ള അധികാരം ഭരണസമിതിക്കും പ്രസിഡന്റിനുമാണെന്ന് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസിന്റെ പേരില്‍ സര്‍ക്കാറിന്റെ പണമെടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനവും പ്രചരണവും നടത്തുകയാണെന്നും ആക്ഷേപമുയര്‍ന്നു. അതേസമയം നവകേരള സദസിനെ രാഷ്ട്രീയമായി കാണേണ്ടതില്ലന്ന് എല്‍.ഡി.എഫ്. മെമ്പര്‍മാരായ വി.അബ്ദുള്‍ സലീം, ആയിഷ ബാനു, ഓമനരാമചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് പണം നല്‍കേണ്ടതില്ലെന്ന് തീരുമാനമെടുക്കുന്നതായി പ്രസിഡന്റ് വി.പ്രീത അറിയിച്ചു. യു.ഡി.എഫ്. മെമ്പര്‍മാരായ മുഹമ്മദ് ചെറൂട്ടി,  മുസ്തഫ വറടോന്‍, പി.വി.കുര്യന്‍, ഷാനവാസ് മാസ്റ്റര്‍, പടുവില്‍ കുഞ്ഞിമുഹമ്മദ്, ബിജി ടോമി, കെ.പി.ബുഷ്‌റ, തങ്കം മഞ്ചാടിക്കല്‍, മണികണ്ഠന്‍ വടശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. 

നവകേരള സദസ്സിന് ഒരു ലക്ഷം രൂപ രൂപ നൽകുന്നതിനെ ചൊല്ലി മണ്ണാർക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ യുഡിഎഫ്- എൽഡിഎഫ് അംഗങ്ങൾ തമ്മിൽ രൂക്ഷ വാക്കേറ്റം. നൽകാനാവില്ലെന്ന് യുഡിഎഫ് കൗൺസിലർമാരും, നൽകണമെന്ന് എൽഡിഎഫ്  കൗൺസിലർമാരും വാദിച്ചു. കൗൺസിൽ തീരുമാനം സർക്കാരിനെ അറിയിക്കുമെന്ന് സെക്രട്ടറി പറഞ്ഞു. നിലവില്‍ വിവിധ പദ്ധതികളില്‍ പണം ലഭിക്കാത്ത സാഹചര്യമാണ് ഉള്ളത്. എൽഡിഎഫ് സർക്കാരിന്റെ ധൂർത്തിന് പണം നൽകാനാവില്ലെന്ന് യുഡിഎഫ് കൗൺസിലർമാർ പറഞ്ഞതോടെ പ്രതിരോധവുമായി എൽഡിഎഫ് കൗൺസിലർമാരും എഴുന്നേറ്റു ജനങ്ങളുടെ ക്ഷേമത്തിനും പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് മന്ത്രിസഭ എത്തുന്നതെന്നും അതിന് തുക അനുവദിക്കണമെന്നും ഇവർ വാദിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍  ഫണ്ട് നല്‍കിയാല്‍ പ്രതിസന്ധി കൂടുതലാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പറഞ്ഞു. യോഗത്തില്‍ ഫണ്ട് നല്‍കാന്‍ ഉത്തരവുണ്ടെന്ന് സെക്രട്ടറി  ചൂണ്ടിക്കാട്ടി. സെക്രട്ടറിക്ക് ധൈര്യമുണ്ടെങ്കിൽ നൽകട്ടെയെന്ന് അധ്യക്ഷൻ പറഞ്ഞു. ഭരണ സമിതി ഇക്കാര്യത്തില്‍ വിയോജന കുറിപ്പെഴുതി.
Previous Post Next Post

نموذج الاتصال