ഇന്നത്തെ പ്രധാന വാർത്തകൾ

വീട്ടിൽ അതിക്രമിച്ച് കയറി മോഷണം; രണ്ട് പേർ പിടിയിൽ

അഗളി: വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരെ മർദിച്ച് മോഷണം നടത്തിയ  സംഭവത്തിൽ രണ്ടുപേരെ പോലീസ് പിടികൂടി. കൽക്കണ്ടി ചെമ്മണ്ണൂർ കരുണാലയത്തിലെ വിൽസനെയും (23) പതിനേഴുകാരനെയുമാണ് അഗളി പോലീസ് പിടികൂടിയത്. ചെമ്മണ്ണൂരിൽ നിന്നാണ് ഇരുവരെയും പിടികൂടിയതെന്നു പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു മോഷണം. അഗളി പഴയ വില്ലേജോഫീസിന് സമീപം വാടകയ്ക്കു താമസിക്കുന്ന താവളത്തെ പാലക്കുണ്ടിൽ സുരേഷിന്റെ വീട്ടിലാണു മോഷണം നടന്നത്. സുരേഷിന്റെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാലയും രണ്ടു മോതിരങ്ങളും 25,000 രൂപയും മോഷ്ടിച്ചതായാണു പരാതി. 

മൂന്നുപേർ വീട്ടിൽ അതിക്രമിച്ചുകയറി കൈകൾ കെട്ടിയിടുകയും വായിൽ തുണി തിരുകിക്കയറ്റുകയും തുടർന്ന് കത്തികാണിച്ചു ഭീഷണിപ്പെടുത്തി മർദിക്കുകയും മോഷണം നടത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
_________________________________________

മണ്ണിടിഞ്ഞ്  ഗതാഗതം  തടസ്സപ്പെട്ടു 

അഗളി: കനത്ത മഴയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചയോടെ പെയ്ത കനത്ത മഴയെ തുടർന്ന്   ഷോളയൂരിലെ കമ്പിഗേറ്റിലും മരപ്പാലത്തും മണ്ണിടിഞ്ഞും, മരം വീണും ഗതാഗതം തടസ്സപ്പെട്ടത്,  വൈദ്യുതിയും മുടങ്ങി. 
 
മണിക്കൂറുകളോളം നീണ്ട  ഗതാഗത തടസ്സത്തിൽ സ്ക്കൂൾ ബസ്സുൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങി.   വനംവകുപ്പും പോലീസും പൊതുമരാമത്തു വകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് മണ്ണും മരവും നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്
_________________________________________

ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയതായി പരാതി

ശ്രീകൃഷ്ണപുരം: തിരുവാഴിയോട് ഹൗസിങ്‌ സൊസൈറ്റിയിൽ ജോലിവാഗ്‌ദാനം നൽകി പണം തട്ടിയതായി പരാതി. കടമ്പഴിപ്പുറം ചക്രാംപറ്റ വീട്ടിൽ സവിതയുടെ പരാതിയിൽ  മൂന്ന് പേർക്കെതിരെ വഞ്ചനക്കുറ്റത്തിന്  ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തു.
ജോലി വാഗ്‌ദാനംചെയ്ത് പരാതിക്കാരിയിൽ നിന്ന് പലതവണയായി അഞ്ചുലക്ഷം രൂപ ഇവർ  കൈപ്പറ്റിയെന്നാണു പരാതി.

___________________________________________
കുമരംപുത്തൂർ ചുങ്കത്തിനു സമീപം വാഹനാപകടം

മണ്ണാർക്കാട് : കോഴിക്കോട് പാലക്കാട്‌ ദേശിയ പാത കുമരംപുത്തൂർ ചുങ്കത്തിനു സമീപം രണ്ട് ലോറികൾ തമ്മിൽ ഇടിച്ച് വാഹനാപകടം. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടു മണിയോട് കൂടിയാണ് സംഭവം. ശക്തമായ മഴയെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട ലോറി തുടർന്ന്  അരികിലെ ടയർ ഷോപ്പിലേക് ഇടിച്ചു കയറി. ഗുരുതര പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.  ഡ്രൈവറെ വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അപകടം നടന്ന സ്ഥലത്ത് മുമ്പും സമാനമായ രീതിയിലുള്ള അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്, ഇവിടെ  അപകടങ്ങൾ തുടർക്കഥ ആയി കൊണ്ടിരിക്കുകയാണ്

ചിത്രങ്ങൾ


Previous Post Next Post

نموذج الاتصال