മലപ്പുറം: നമ്മൾ നല്ലതു പോലെ തോറ്റു, തോറ്റിട്ട് ജയിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല, പകരം എന്തുകൊണ്ട് തോറ്റു എന്നത് കണ്ടുപിടിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാം സൂഷ്മമായി പരിശോധിച്ച് എന്തൊക്കെയാണ് തോൽവിക്ക് അടിസ്ഥാനമായ കാരണമെന്ന് കണ്ടെത്തണം. കണ്ടെത്തിയാൽ പോരാ തിരുത്തണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പെൻഷൻ കൊടുത്തു തീർക്കാൻ ആയിട്ടില്ല. കേന്ദ്രം പണം നൽകിയില്ല. ഒടുവിൽ കോടതി കയറിയിട്ടാണ് പണം നൽകിയത്. ദുർബല ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കൊടുക്കാൻ സാധിച്ചില്ല. സംഘടനാപരമായ പ്രശ്നങ്ങളുമുണ്ട്. അതെല്ലാം ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്
തൃശ്ശൂരിൽ ബിജെപി ജയിച്ചതിന്റെ ഭാഗമായിട്ട് ഉണ്ടായ 86000 വോട്ട് എവിടെ നിന്നാണെന്നും എം വി ഗോവിന്ദൻ ചോദിച്ചു. ഞങ്ങൾക്ക് 3000 വോട്ട് കൂടിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഉണ്ടായ ദൗർബല്യങ്ങൾ വേറെയുമുണ്ട്. എന്തുകൊണ്ട് യുഡിഎഫിന് ആഹ്ലാദപ്രകടനം നടത്താൻ കഴിഞ്ഞില്ല എന്നതും ചിന്തിക്കണം. വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗവൺമെൻറ് ഉപരോധം പോലെ കേരളത്തെ കൈകാര്യം ചെയ്യുകയാണ്. തരാനുള്ള പല തുകകളും തന്നിട്ടില്ല. ഇനിയും നിയമ യുദ്ധം വേണ്ടിവരും. 62 ലക്ഷം പേർക്ക് പെൻഷൻ കൊടുക്കാൻ നമുക്ക് സാധിച്ചില്ല. സാമ്പത്തിക പരാധീനത മൂലം പല ആനുകൂല്യങ്ങളും പൂർണമായും കൊടുക്കാൻ കഴിഞ്ഞില്ല. അവരൊന്നും സംതൃപ്തരല്ല എന്നതെല്ലാം വോട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. ഇനി ഒന്നും കാണാതിരുന്നിട്ട് കാര്യമില്ല. തുറന്നു മനസ്സോടെ തുറന്നു എല്ലാം കാണുന്നുണ്ട്. ആദ്യം കൊടുത്തു തീർക്കേണ്ടത് ഏതെന്നുള്ളതിൽ ധാരണ വേണം.
സർക്കാരിന്റെ പ്രവർത്തനം സജീവമാക്കുന്നതിൽ ആലോചന വേണം. തോൽവിയെക്കുറിച്ച് പഠിച്ചുതിരുത്തി മുന്നോട്ടു പോകും. സംഘടനാ പരമായ പ്രശ്നങ്ങളുണ്ട്. രണ്ടാം പിണറായി സർക്കാർ വരുമ്പോൾ ഉണ്ടാവാൻ സാധ്യതയുള്ള പ്രവണതകളുണ്ട്. ആ പ്രവണത ഈ മുതലാളിത്ത സമൂഹത്തിൽ അരിച്ച് നമ്മുടെ പാർട്ടി കേഡർമാരിലും നമ്മളിലും എല്ലാം ഉണ്ടാവും. അതെല്ലാം തൂത്തെറിഞ്ഞാൽ മാത്രമേ ശുദ്ധമായി പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാനാകൂ. നല്ല തിരുത്തൽ വേണം. സംഘടനാ രംഗത്തും തിരുത്തൽ വേണം. പ്രത്യയശാസ്ത്രപരമായി ചോർച്ച ഉണ്ട് എന്നതാണ് ബിജെപിയുടെ വളർച്ച സൂചിപ്പിക്കുന്നതാണ്. ബിജെപിക്ക് 10 കൊല്ലം കൊണ്ട് ഇരട്ടിയോളം ശക്തിപ്പെടാൻ കഴിഞ്ഞു എന്നത് വളരെ അപകടകരമായ കാര്യമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.