മണ്ണാർക്കാട്: ചങ്ങലീരി മൂന്നാംകഴിയിൽ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു കണ്ടെത്തി എന്ന വാർത്ത ഏവരിലും പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ടാണ് മുരുക്കംതോണി വാസുദേവന്റെ വീട്ടുമുറ്റത്ത് സ്ഫോടക വസ്തു ആണെന്ന് സംശയിക്കുന്ന രൂപത്തിലുള്ള ഒന്ന് കണ്ടെത്തിയത്. ഗുണ്ടിന്റെ സമാന രൂപമുള്ള മഞ്ഞ നിറത്തിലുള്ള വസ്തു വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കുകൾക്കിടയിലാണ് കണ്ടെത്തിയത്. ഉണ്ട വഴുതനയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. വീട്ടുകാർ ഇതെടുത്ത് മതിലിൽ വയ്ക്കുകയും ചെയ്തു. വൈകിട്ട് വാസുദേവൻ എത്തി നോക്കിയപ്പോഴാണ് സ്ഫോടക വസ്തുവാണെന്ന സംശയം തോന്നിയത്. ഉടൻ തന്നെ പഞ്ചായത്തംഗത്തെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് രാത്രി ഒൻപതോടെ പാലക്കാട്ടു നിന്ന് ബോംബ് സ്ക്വാഡ് എത്തി സ്ഫോടകവസ്തു മണൽനിറച്ച ബക്കറ്റിലാക്കി കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ സ്ഫോടക വസ്തുവല്ലെന്ന് തെളിഞ്ഞതായി പോലീസ് പറഞ്ഞു. നൂലുകൾകൊണ്ട് ചുറ്റിവരിഞ്ഞ ഒരു തരം മരക്കായയായിരുന്നു അതെന്ന് പോലീസ് അറിയിച്ചു.
വീട്ടുമുറ്റത്ത് സ്ഫോടകവസ്തു എന്ന സംശയം പ്രദേശത്താകെ പരിഭ്രാന്തി പരത്തി
byഅഡ്മിൻ
-
0