വിദ്യാലയങ്ങൾക്കു സമീപം എക്സൈസ് പട്രോളിങ് ശക്തം

തിരുവനന്തപുരം: ലഹരി വിതരണക്കാർ സ്കൂൾ വിദ്യാർഥികളെ സമീപിക്കുന്നതു തടയാൻ വിദ്യാലയങ്ങൾക്കു സമീപം എക്സൈസ് പട്രോളിങ് ശക്തമാക്കും. സ്കൂൾ പരിസരത്ത് സ്ഥിരമായി വന്നുപോകുന്നവരെയും കറങ്ങിനടക്കുന്നവരെയും പ്രത്യേകം നിരീക്ഷിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ലഹരിക്കച്ചവടവുമായി ബന്ധമുള്ളവർ സ്കൂൾ വിദ്യാർഥികളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടോ എന്നതും പരിശോധിക്കും.

അധ്യയന വർഷത്തിലുടനീളം നിരീക്ഷണം തുടരാൻ മന്ത്രി എം.ബി.രാജേഷ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പുവരുത്തി. പോലീസ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് വാഹന പരിശോധനയും നടത്തും. 5440 സ്റ്റേറ്റ് സിലബസ് സ്കൂളുകളിലും 847 സെൻട്രൽ സിലബസ് സ്കൂളുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കും.

ലഹരിവിരുദ്ധ കൗൺസിലിങ്ങിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നിംഹാൻസ് മുഖേന പരിശീലനം നൽകി. 'നേർവഴി' പദ്ധതിയിലൂടെ 180 വിദ്യാർഥികൾക്കും കൗൺസിലിങ് നൽകി. കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ്ങിനായി ടോൾ ഫ്രീ നമ്പർ 14405ൽ ബന്ധപ്പെടാം. വിദ്യാർഥികളിൽ ഏതെങ്കിലും തരത്തിലുള്ള സ്വഭാവവ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർക്കു രഹസ്യമായി വിവരം കൈമാറാൻ 9656178000 എന്ന നമ്പരും സജ്ജീകരിച്ചിട്ടുണ്ട്.

ലഹരി ഉപയോഗിക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞ് കൗൺസിലിങ് നൽകാൻ സജ്ജീകരണം ഒരുക്കി. കുട്ടികളെ തിരിച്ചറിയുന്നതിന് ക്ലാസ് ടീച്ചർമാർക്ക് സ്ക്രീനിങ് ടൂൾ നൽകി. ആദ്യപടിയായി അധ്യാപകരും തുടർന്ന് കൗൺസിലർമാരും കൗൺസിലിങ് നൽകും.

Post a Comment

Previous Post Next Post