'കേരള'യല്ല "കേരളം"; സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള പ്രമേയം നിയമസഭ പാസാക്കി

ഭരണഘടനയില്‍ സംസ്ഥാനത്തിന്‍റെ പേര് "കേരള' എന്നതിന് പകരം കേരളം എന്നാക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

2023ല്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം വീണ്ടും അവതരിപ്പിച്ചത് സാങ്കേതിക കാരണങ്ങളാലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഭരണഘടനയുടെ ഒന്ന്, എട്ട് പട്ടികയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യത്തെ പ്രമേയം. 

എന്നാല്‍ ഒന്നാം പട്ടികയില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമേയം വീണ്ടും അവതരിപ്പിക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സാങ്കേതികമായ പിഴവ് അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്നും അത് ഒഴിവാക്കേണ്ടിരുന്നെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന് തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് ദീർഘനാളത്തെ ആവശ്യമാണ്.

നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും 'കേരളം' എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികൾക്ക് കഴിഞ്ഞില്ല. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.
Previous Post Next Post

نموذج الاتصال