പാലക്കാട്: പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പില്‍ കെ.മുരളീധരന്‍ സ്ഥാനാര്‍ഥിയാവുമെന്ന ചര്‍ച്ചയ്ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ സ്വീകാര്യതയെന്ന് ഡിസിസി നേതൃത്വം. മികച്ച പോരാട്ടം നടത്തി ഏറെ അനുഭവസമ്പത്തുള്ള കരുത്തുറ്റ നേതാവാണ് മുരളീധരനെന്നും ഡി.സി.സി. പ്രസിഡന്‍റ് എ.തങ്കപ്പന്‍ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സ്ഥാനാർഥി ചർച്ച തുടങ്ങിയില്ല. മുന്‍കൂട്ടി പ്രചരണത്തിനിറങ്ങാന്‍ നേതൃത്വം ആരോടും നിര്‍ദേശിച്ചിട്ടുമില്ല. ഈ മട്ടിലാണ് ചര്‍ച്ചയുടെ ഗതിയെങ്കിലും അന്തരീക്ഷത്തിൽ സ്ഥാനാര്‍ഥികളായി നിരവധി പേരുകാരുണ്ട്. ഇതിന്റെ മുന്‍നിരയിലേക്കാണ് അപ്രതീക്ഷിതമായി കെ.മുരളീധരന്റെ പേര് വന്നത്. കരുത്തുറ്റ സ്ഥാനാർഥിയെന്ന മട്ടിൽ നേതൃത്വം ആരെ നിശ്ചയിച്ചാലും സ്വാഗതമെന്നും അദ്ധേഹം പറഞ്ഞു.
കെ. മുരളീധരൻ എവിടെയും മല്‍സരിക്കാന്‍ പറ്റിയ സ്ഥാനാര്‍ഥിയാണ്. ഫൈറ്ററാണ്. അതുകൊണ്ടാണ് അത്തരത്തില്‍ പേരുയര്‍ന്ന് വരുന്നത്. ഹൈക്കമാന്‍ഡ് ആരെ നിശ്ചയിച്ചാലും ഒരേമനസോടെ പ്രവര്‍ത്തിച്ച് പാലക്കാട് നിലനിര്‍ത്തുമെന്നും ഡിസിസി പ്രസിഡണ്ട് കൂട്ടിച്ചേർത്തു