ശ്രീകൃഷ്ണപുരം: ഭർത്താവിനും മക്കൾക്കുമൊപ്പം സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന എടത്തനാട്ടുകര സ്വദേശിനിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. തെങ്കര കാഞ്ഞിരംപാറയിൽവീട്ടിൽ സിൻജോ സജി (26) ആണ് അറസ്റ്റിലായത്. എടത്തനാട്ടുകര എരങ്ങോട്ടുകുന്ന് മങ്ങാടത്ത് മണികണ്ഠന്റെ ഭാര്യ ബിനിലയുടെ മാല ബൈക്കിലെത്തി പൊട്ടിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. മണികണ്ഠനും ഭാര്യ ബിനിലയും രണ്ടുകുട്ടികളും ഞായറാഴ്ച വൈകീട്ട് 4.30-ന് ഒറ്റപ്പാലത്തുനിന്ന് എടത്തനാട്ടുകരയിലേക്ക് സ്‌കൂട്ടറിൽ വരികയായിരുന്നു. ബൈക്കിൽ പിൻതുടർന്ന പ്രതി കുലിക്കിലിയാട് വെച്ചാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. ബിനില ഉറക്കെ നിലവിളിക്കുകയും പ്രദേശവാസികൾ കൂടുകയും ചെയ്തതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നിലുണ്ടായിരുന്ന വാഹനങ്ങളും നാട്ടുകാരും പ്രതിയെ പിന്തുർന്ന് പിടിച്ച് പോലീസിലേൽപ്പിച്ചു.
ബിനിലയ്ക്കൊപ്പം കൈക്കുഞ്ഞുണ്ടായിരുന്നു. പ്രതി ബൈക്കിന്റെ നമ്പർപ്ലേറ്റ് സ്റ്റിക്കർ കൊണ്ട് മറച്ചിരുന്നു. പ്രതിക്കെതിരേ മാലപൊട്ടിച്ചതുമായി ബന്ധപ്പെട്ട് ഹേമാംബികനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടെ കേസുണ്ട്. ഒരുമാസംമുമ്പാണ് ഇയാൾ റിമാൻഡിൽ നിന്ന് പുറത്തിറങ്ങിയതെന്ന് ശ്രീകൃഷ്ണപുരം പോലീസ് പറഞ്ഞു.