മണ്ണാർക്കാട്: എട മോനെ രംഗണ്ണൻ കാണിക്കൂന്ന് പറഞ്ഞാൽ കാണിക്കും എന്ന ആവേശം സിനിമയിലെ ഫഹദിന്റെ ഡയലോഗ് പോലെ സുരേഷേട്ടൻ എടുക്കൂന്ന് പറഞ്ഞാ എടൂക്കുമെന്ന് തൃശ്ശൂരുകാരോട് പറയാനൊരുങ്ങുകയാണ് സുരേഷ് ഗോപി. ഒന്നിൽപിഴച്ചാൽ മൂന്നെന്ന പഴംപറച്ചിലുകളെ യാഥാർഥ്യമാക്കാൻ വോട്ടെണ്ണൽ പകുതിയോളം പൂർത്തിയാവുമ്പോൾ അമ്പതിനായിരം കടത്തിയിരിക്കുന്നു തന്റെ ഭൂരിപക്ഷം. ചരിത്ര മധുരപ്രതികാരം. അവസാന കണക്ക് പ്രകാരം 64455 ന്റെ ലീഡാണ് സുരേഷ് ഗോപിക്ക്
ഇടതു കുത്തകയായ മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനൊരുങ്ങി തൃശ്ലൂരുകാരുടെ പ്രിയപ്പെട്ട സുനിയേട്ടനെ തന്നെ ഇടതുപക്ഷം രംഗത്തിറക്കിയെങ്കിലും സുരേഷ്ഗോപിയുടെ മുന്നേറ്റത്തിന് മുന്നിൽ വി.എസ് സുനിൽകുമാറും അടിയറവ് പറയാനൊരുങ്ങുകയാണ്. അതുപോലെ അപ്രതീക്ഷിതമായെത്തി സർജിക്കൽ സ്ട്രൈക്ക് നടത്തുമെന്ന് കരുതിയ മുരളീധരന് ഇതുവരെ മൂന്നാം സ്ഥാനത്ത് നിന്നും മുന്നേറാനും കഴിഞ്ഞിട്ടില്ല.
2019 ൽ മണ്ഡല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമായ 93633 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയമുറപ്പിച്ച ടി.എൻ പ്രതാപന്റെ അടുത്തെത്താൻ പോലും മുരളിക്ക് സാധിച്ചില്ല.
മോദിയുടെ രണ്ടക്ക സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ എന്ത് വിലകൊടുത്തും തൃശ്ശൂർ മണ്ഡലം തിരിച്ചുപിടിക്കാൻ നേരത്തെ ഒരുങ്ങിത്തിരിഞ്ഞിരുന്നു ബി.ജെ.പി. കരുവന്നൂർ വിഷയത്തിൽ സുരേഷ്ഗോപി തന്നെ നേരിട്ടിറങ്ങി മാർച്ച് നടത്തിയത് ഇത് തിരഞ്ഞെടുപ്പിൽ കൃത്യമായി ഉപയോഗിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു. ഇതിന് പുറമെ ഭരണവിരുദ്ധ വികാരവും ഗുണമായെന്നാണ് കണക്ക് കൂട്ടുന്നത്.