മണ്ണാർക്കാട്: താലൂക്ക് ആശുപത്രിയിൽ ഈവനിങ് ഒ. പിക്ക് തുടക്കമായി. നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ഇനി മുതൽ വൈകുന്നേരങ്ങളിലും താലൂക്ക് ആശുപത്രിയിൽ നിന്ന് മരുന്നും ഡോക്ടറുടെയും സേവനവും ലഭ്യമാകും. നഗരസഭയിലെ 2 വെൽനെസ്സ് സെന്ററിലും, താലൂക്ക് ആശുപത്രികളിലും ആയി ജനങ്ങൾക്കു മുഴുവൻ സമയവും സൗജന്യ ചികിത്സ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ നഗരസഭ ലക്ഷ്യം വെക്കുന്നത് എന്ന് നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷഫീക്ക് റഹ്മാൻ അധ്യക്ഷനായി. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇതിനായി ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്.
നഗരസഭാ വൈസ് ചെയർപേഴ്സൺ പ്രസീത, സ്ഥിരം സമിതി അധ്യക്ഷരായ മാസിതാ സത്താർ, വത്സലകുമാരി, ഹംസ കുറുവണ്ണ, നഗരസഭ കൗൺസിലർമാർ താലൂക്ക് ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി സതീഷ് കുമാർ സ്വാഗതവും ഹോസ്പിറ്റൽ സൂപ്രണ്ട് പി. സീമാമു നന്ദിയും പറഞ്ഞു.