മണ്ണാർക്കാട്: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. നഗരസഭാപരിധിയിലെ തെന്നാലി അണ്ടിക്കുണ്ട് സ്വദേശി മോഹൻദാസിന്റെ മകൻ ആകാശിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതോടെ ശിവൻകുന്ന് ഭാഗത്തുവെച്ചാണ് അപകടമുണ്ടായത്.വീട്ടിൽ നിന്ന് ടൗണിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് നായ കുറുകെ ചാടിയത്. ബൈക്ക് അഴുക്കുചാലിലേക്ക് മറിഞ്ഞ് യുവാവിന്റെ താടിയെല്ലിനും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റു. വിദഗ്ധചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.