പശുവിനെ മോഷ്ടിച്ച് കൊണ്ടുപോയി കൊന്ന് കാലുകളും കൈയും മുറിച്ചെടുത്തു

മണ്ണാര്‍ക്കാട് : തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുവിനെ മോഷ്ടിച്ച് കൊണ്ടുപോയി കൊന്ന് കാലുകളും കൈയും മുറിച്ചെടുത്തു. മാംസവും വെട്ടിയെടുത്ത് ബാക്കിജഡം വനത്തിന് സമീപം ഉപേക്ഷിച്ചു. തെങ്കര പഞ്ചായത്തിലെ മെഴുകുംപാറ താണിപ്പറമ്പിലാണ് സംഭവം.  പരുത്തിപ്പുള്ളി ജയപ്രകാശന്റെ രണ്ടു വയസുള്ള പശുവിനെയാണ് മോഷ്ടാക്കള്‍ കൊന്ന് ഇറച്ചിയാക്കി കടത്തിയത്. ബുധനാഴ്ച രാത്രി പശുക്കള്‍ക്ക് തീറ്റനല്‍കിയശേഷമാണ് ജയപ്രകാശന്‍ ഉറങ്ങാന്‍ പോയത്.കറവയുള്ള ഒരുപശുവും മറ്റു രണ്ടു പശുക്കുട്ടികളുമാണ് ഇദ്ദേഹത്തിനുള്ളത്. ഇന്നലെ രാവിലെ പശുവിനെ കറക്കാനായി എത്തിയപ്പോള്‍ കൂട്ടത്തിലൊന്നിനെ കാണാനില്ലായിരുന്നു. അഴിഞ്ഞുപോയതാകാമെന്നാണ് കരുതിയത്. പരിസരത്തൊന്നും കണ്ടതുമില്ല. തുടര്‍ന്ന് മണ്ണില്‍ പതിഞ്ഞ പശുവിന്റെ കാല്‍പാടുകള്‍ നോക്കി നടത്തിയ തിരച്ചിലില്‍ വീട്ടില്‍ നിന്നും ഒരു കിലോമീറ്ററോളം മാറിയുള്ള വനാതിര്‍ത്തിക്കടുത്തുള്ള പൊട്ടിക്ക് സമീപമാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. രണ്ട് കാലുകളും ഒരു കയ്യും മുറിച്ചെടുത്തശേഷം ഇറച്ചിയാക്കി കൊണ്ടുപോയിരിക്കുകയാണ്. എല്ലുകള്‍ ഉപേക്ഷിച്ചനിലയിലുമായിരുന്നു.തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലിസില്‍ ജയപ്രകാന്‍ പരാതി നല്‍കി. പൊലിസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും തെളിവെടുത്തു.  പ്രദേശങ്ങളില്‍ ലഹരി ഉപയോഗം വര്‍ധിച്ചിട്ടുണ്ടെന്നും ഇത്തരം ലഹരിക്കടിമപ്പെട്ടവര്‍ ചെയ്ത പ്രവൃത്തിയായിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.പശുക്കളെ വളര്‍ത്തിയാണ് ജയപ്രകാശും കുടുംബവും ജീവിക്കുന്നത്. പരാതിപ്രകാരം മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തിട്ടുണ്ട്.
Previous Post Next Post

نموذج الاتصال