ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി ലോറി ഉടമ മനാഫ്. തിരച്ചിലിന്റെ ഓരോ ഘട്ടത്തിലും നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നു. അർജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അമ്മയ്ക്ക് കൊടുത്ത വാക്കാണ്. അത് പാലിച്ചുവെന്നും മനാഫ് പറഞ്ഞു.
'ഞാൻ അപ്പോഴേ പറഞ്ഞതാണ്. ലോറിക്ക് അധികം പരിക്കുണ്ടാകില്ല, ക്യാബിന് അധികം പരിക്കുണ്ടാകില്ല എന്ന്. ഛിന്നിച്ചിതറില്ല എന്ന് നേരത്തെ പറഞ്ഞതാണ്. അവനെയും കൊണ്ടേ ഞങ്ങൾ പോകൂ. ആ ഒരു ഉറപ്പ് അവന്റെ അമ്മയ്ക്ക് ഞാൻ കൊടുത്തതാണ്. അമ്മയ്ക്ക് നൽകിയ ഉറപ്പ് പാലിച്ചു. ഒരു സാധാരണക്കാരന് എത്ര കഴിയുമോ അതിന്റെ പരമാവധി ചെയ്തു. പല പ്രതിസന്ധികൾ അതിജീവിച്ചാണ് അവനെ കണ്ടെത്തിയത്. തോൽക്കാൻ എന്തായാലും മനസ്സില്ല. അവനെയും കൊണ്ടേ പോകൂ. ആ വാക്ക് അമ്മയ്ക്ക് പാലിച്ചുകൊടുക്കുകയാണ്,' മനാഫ് പറഞ്ഞു.