സായാഹ്ന വാർത്തകൾ |ശനി| സെപ്റ്റംബർ 14 | 2024

◾  ഓണത്തോടനുബന്ധിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് മായംചേര്‍ത്ത പാല്‍ കേരളത്തിലേക്ക് കൊണ്ടു വരുന്നത് തടയാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന. സഞ്ചരിക്കുന്ന ലബോറട്ടറിയിലാണ് ഇത്തവണ പരിശോധന നടത്തുന്നത്. പാലിന്റെ അസിഡിറ്റി, കൊഴുപ്പ്, പ്രിസര്‍വേറ്റീവുകള്‍, ന്യൂട്രലൈസറുകള്‍, ആന്റി ബയോട്ടിക്കുകള്‍ എന്നിവയുടെ സാന്നിധ്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. പാല്‍ ഏറെ നേരം കേടാകാതരിക്കാന്‍ ഫോര്‍മാലിന്‍ ചേര്‍ത്തിട്ടുണ്ടോയെന്നും പരിശോധിക്കും.

◾ ഓഗസ്റ്റ് മാസത്തിലെ ശമ്പളം കിട്ടാത്തതിനെ കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് മുന്നില്‍ വനിത പ്യൂണിന്റെ ഒറ്റയാള്‍ സമരം. കല്‍പ്പറ്റ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പ്യൂണായി പ്രവര്‍ത്തിച്ചുവരികയായിരുന്നു രഞ്ജിനി. എന്നാല്‍ രഞ്ജിനിക്ക് ഇതുവരെയും ഓഗസ്റ്റിലെ ശമ്പളം കിട്ടിയിട്ടില്ല. ഒരു മാസത്തെ ശമ്പളത്തിനായി 16 ദിവസമാണ് ജോലി ചെയ്യേണ്ടത്. എന്നാല്‍ രഞ്ജിനി 16 ദിവസം തികച്ചിട്ടില്ല എന്നതിനാലാണ് ശമ്പളം തടഞ്ഞിരിക്കുന്നത്.

◾ ചങ്ങരംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി. മലപ്പുറം എടപ്പാള്‍ കണ്ടനകം ബീവറേജില്‍ അനുവദിച്ച സമയത്തിന് ശേഷവും ബെവ്കോ ഔട്ട് ലെറ്റില്‍ പൊലീസുകാര്‍ക്ക് മദ്യവില്‍പ്പന നടത്തിയതായാണ് പരാതി. ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാരെ പൊലീസുകാര്‍ മര്‍ദിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കണ്ടനകം സ്വദേശി സുനീഷ് കുമാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  സംഭവത്തില്‍ പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

◾  കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാനക്കേസന്വേഷണവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഡി.ജി.പി വിലക്കിയിട്ടും റിപ്പോര്‍ട്ടുകള്‍ എ.ഡി.ജി.പി. അജിത് കുമാര്‍ വഴി അയക്കുന്നത് തുടര്‍ന്നതാണ് അതൃപ്തിക്കിടയാക്കിയത്. മലപ്പുറം മുന്‍ എസ്.പി. ശശിധരനും കോഴിക്കോട് കമ്മിഷണറുമാണ് നിര്‍ദേശം അവഗണിച്ച് ആരോപണ വിധേയനായ എ.ഡി.ജി.പി. വഴി റിപ്പോര്‍ട്ടുകള്‍ അയച്ചത്.

◾  ഇടുക്കിയില്‍ ഏലയ്ക്കാ വാങ്ങി പണം നല്‍കാതെ കര്‍ഷകരെ കബളിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശി മുഹമ്മദ് നാസറാണ് അറസ്റ്റിലായത്. വിപണി വിലയെക്കാള്‍ ഉയര്‍ന്ന തുക നല്‍കി ഏലം വാങ്ങിയ ശേഷം നിശ്ചിത ദിവസത്തിനുള്ളില്‍ തുക നല്‍കുന്നതായിരുന്നു ഇയാളുടെ രീതി.15 കോടിയിലധികം രൂപ കര്‍ഷകര്‍ക്ക് ലഭിക്കാനുണ്ട്. രണ്ട് മാസമായി തുക ലഭിക്കാതെ വന്നതോടെ കര്‍ഷകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

◾  തീവണ്ടിയില്‍ ടി.ടി.ഇ.യുടെ വേഷംധരിച്ച് പരിശോധന നടത്തിവന്ന യുവതിയെ അറസ്റ്റുചെയ്തു. കൊല്ലം കാഞ്ഞവേലി മുതുക്കാട്ടില്‍ റംലത്തി (42) നെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട രാജ്യറാണി എക്‌സ്പ്രസിലായിരുന്നു സംഭവം.

◾  കോഴിക്കോട് ഉള്ള്യെരിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സിച്ച ആശുപത്രിക്കെതിരെ ആരോപണവുമായി അശ്വതിയുടെ കുടുംബം. ഡോക്ടര്‍ സിസേറിയന്‍ ചെയ്യാമെന്ന് ആദ്യം പറഞ്ഞു. എന്നാല്‍ വേദന കൂടിയതോടെ സിസേറിയന്‍ ചെയ്യാന്‍ ആവശ്യപെട്ടിട്ടും തയ്യാറായില്ല. എന്തിനാണ് കീറി മുറിക്കുന്നത് എന്ന് ഡോക്ടര്‍ ചോദിച്ചു. വേദന തുടങ്ങി നില വിളിച്ചിട്ടും കള്ളം പറയുകയാണെന്ന് പറഞ്ഞുവെന്നും കുടുംബം ആരോപിക്കുന്നു.  

◾  പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എം.രാകേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 4950 ലിറ്റര്‍ സ്പിരിറ്റ് കണ്ടെടുത്തു. പാലക്കാട്-തമിഴ്നാട്  അതിര്‍ത്തിയിലെ തമിഴ്നാടിനോട് ചേര്‍ന്നുള്ള ചെമ്മണാംപതിക്കടുത്ത് രുദ്രകാളിയമ്മന്‍ ക്ഷേത്രത്തിനു സമീപത്തായിരുന്നു മണ്ണിളക്കിയുള്ള എക്സൈസുകാരുടെ പിശോധന.

◾  കണ്ണൂരില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി. അരമണിക്കൂറോളം റോഡരികില്‍ കിടന്ന യുവാവ് രക്തം വാര്‍ന്ന് മരിച്ചു. കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാര്‍ ഇടിച്ചിട്ടത്.  കാര്‍ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

◾  ദില്ലി ഫരീദാബാദില്‍ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയാണ് ദുരന്തമുണ്ടായത്. ഓള്‍ഡ് റെയില്‍വേ അണ്ടര്‍ പാസിനടിയിലെ വെള്ളക്കെട്ടില്‍ കാര്‍ വീണതിനെ തുടര്‍ന്നായിരുന്നു അപകടം.  ബാങ്ക് ഉദ്യോഗസ്ഥരായ പ്രേംഷ്റായി ശര്‍മ, വിരാജ് എന്നിവരാണ് മരിച്ചത്.

◾  എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഡല്‍ഹി കൊച്ചി വിമാനം വൈകിയത് 12 മണിക്കൂര്‍. കഴിഞ്ഞ ദിവസം രാത്രി 8.55-ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 12 മണിക്കൂറിന് ശേഷമാണ് ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. കേരളത്തില്‍ ഓണം ആഘോഷിക്കാന്‍ വേണ്ടി വിമാനം ബുക്ക് ചെയ്തവരാണ് യാത്രക്കാരിലേറെയും. വിമാനം വൈകുന്നതിന് പിന്നാലെ രാത്രി ഒരുമണിയോടെ പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് രാവിലെ ആറ് മണിയോടുകൂടി വിമാനം പുറപ്പെടുമെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് വിമാനം വൈകിയതെന്ന കാര്യം എയര്‍ ഇന്ത്യ വ്യക്തമാക്കിയില്ല.

◾  ധനമന്ത്രി നിര്‍മല സീതാരാമനെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജിഎസ്ടിയെ കുറിച്ചുള്ള ന്യായമായ ചോദ്യത്തെ ധനമന്ത്രി നേരിട്ട രീതി ലജ്ജാകരമാണെന്നും, ജനം എല്ലാം കാണുന്നുണ്ടെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. കോയമ്പത്തൂരിലെ ശ്രീ അന്നപൂര്‍ണ ഹോട്ടല്‍ ശൃംഖലയുടെ ഉടമയായ ശ്രീനിവാസന്‍ ചില ഭക്ഷ്യ വിഭാഗങ്ങളില്‍ ജിഎസ്ടി നിരക്കുകള്‍ തുല്യമാക്കാന്‍ സീതാരാമനോട് ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ പുറത്തു വിട്ട രണ്ടാമത്തെ വീഡിയോയില്‍  ശ്രീനിവാസന്‍ തന്റെ അഭിപ്രായത്തിന് നിര്‍മലാ സീതാരാമനോട് ക്ഷമ ചോദിക്കുന്നതായും കാണിക്കുന്നുണ്ട്.

◾ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രധിഷേധിക്കുന്നവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുഖ്യമന്ത്രിയായിട്ടല്ല, ദീദിയായിട്ടാണ് താന്‍ വന്നിരിക്കുന്നതെന്ന് മമതാ ബാനര്‍ജി പറഞ്ഞു. നിങ്ങളുടെ ആവശ്യങ്ങളില്‍ നടപടിയെടുക്കുന്നതിന് എനിക്ക് കുറച്ചു സമയം നല്‍കണമെന്നും  പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരേ സര്‍ക്കാര്‍ യാതൊരു വിധത്തിലുള്ള നടപടിയുമെടുക്കില്ലെന്നും നിങ്ങള്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഞാനപേക്ഷിക്കുന്നുവെന്നും മമതാ ബാനര്‍ജി അഭ്യര്‍ത്ഥിച്ചു.


◾  സംസ്ഥാനത്ത് ഉത്രാട ദിനത്തില്‍ സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6,865 രൂപയിലെത്തി. പവന്‍ വില 320 രൂപ കൂടി 54,920 ലുമെത്തി. ഇതോടെ  റെക്കോഡ് വിലയ്ക്കടുത്തെത്തിയിരിക്കുകയാണ് കേരളത്തില്‍ സ്വര്‍ണം. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയുമാണിത്. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് റെക്കോഡ്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 30 രൂപ കൂടി 5,690 രൂപയിലെത്തി. വെള്ളി വിലയിലും വിലക്കയറ്റം  തുടരുകയാണ്. ഇന്ന് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 95 രൂപയിലെത്തി. അന്താരാഷ്ട്രവിലയിലെ മുന്നേറ്റമാണ് കേരളത്തിലും വില ഉയര്‍ത്തിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 54,920 രൂപയാണ്. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത്  60,000 രൂപയ്ക്കടുത്ത്  വേണ്ടി വരും.

◾  ഐഫോണ്‍ 16ന്റെ ലോഞ്ചിന് പിന്നാലെ ആപ്പിളിനെ ട്രോളി സാംസങ്. മടക്കാന്‍ കഴിയുമ്പോള്‍ ഞങ്ങളെ അറിയിക്കുക എന്നാണ് ആപ്പിള്‍ ഫോള്‍ഡബിള്‍ ഫോണ്‍ ഇറക്കാത്തതിനെ കുറിച്ചുള്ള സാംസങ്ങിന്റെ പരിഹാസം. സാംസങ്ങിന് നിലവില്‍ ഗാലക്സി സെഡ് ഫോള്‍ 5 എന്ന മടക്കാന്‍ സാധിക്കുന്ന ഫോണുണ്ട്. ഇനിയും ആപ്പിളിന് മടക്കാവുന്ന ഫോണ്‍ പുറത്തിറക്കാനായിട്ടില്ല. ആപ്പിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെയും സാംസങ് കളിയാക്കിയിട്ടുണ്ട്. ഞങ്ങള്‍ നിങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രതീക്ഷകള്‍ക്ക് ഉയര്‍ന്നതാക്കി മാറ്റിയെന്നായിരുന്നു സാംസങ്ങിന്റെ എക്സിലെ രണ്ടാമത്തെ കുറിപ്പ്.  ഐഫോണിന്റെ അടുത്ത തലമുറ ഡിസൈന്‍ ചെയ്തിരിക്കുന്നത് ആപ്പിള്‍ ഇന്റലിജന്‍സിന് വേണ്ടിയാണ്. ഇത് ആവേശകരമായ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞിരുന്നു. നേരത്തെയും ആപ്പിളിനെ ട്രോളി സാംസങ് രംഗത്തെത്തിയിട്ടുണ്ട്. ഐപാഡ് പ്രോയുടെ പരസ്യത്തിലായിരുന്നു സാംസങ്ങിന്റെ വിമര്‍ശനം.

◾  ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ് 'തുംബാഡ്'. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച ആദ്യ ദിന കളക്ഷനാണ് ചിത്രം റീ റിലീസില്‍ സ്വന്തമാക്കിയിരിക്കുന്നത്. 1.50 കോടിയാണ് ആദ്യ ദിനം നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ഒരു ബോളിവുഡ് സിനിമയുടെ പ്രമോഷന് വേണ്ടി ചിലവഴിക്കുന്ന ബജറ്റിനേക്കാള്‍ കുറവ് പണം മുടക്കി 5 കോടി രൂപ ബജറ്റിലാണ് തുംബാഡ് ഒരുക്കിയത്. 15.46 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍. റീ റിലീസില്‍ ചിത്രം ഈ കളക്ഷനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാഹി അനില്‍ ബാര്‍വെ ആയിരുന്നു ചിത്രം സംവിധാനമാണ് ചെയ്തത്. മിതേഷ് ഷാ, ആദേശ് പ്രസാദ്, രാഹി അനില്‍ ബാര്‍വെ, ആനന്ദ് ഗന്ധ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സോഹം ഷാ, ആനന്ദ് എല്‍. റായ്, ആനന്ദ് ഗാന്ധി, മുകേഷ് ഷാ, അമിത ഷാ എന്നിവരായിരുന്നു തംുബാഡ് നിര്‍മ്മിച്ചത്.

◾  ടൊവിനോ തോമസ് ചിത്രം 'മിന്നല്‍ മുരളി'യിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി 'മിന്നല്‍ മുരളി യൂണിവേഴ്‌സില്‍' സിനിമ ചെയ്യുന്നതിന് കോടതി വിലക്ക്. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം 'ഡിറ്റക്ടീവ് ഉജ്വലന്‍' പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 'മിന്നല്‍ മുരളി'യുടെ തിരക്കഥാകൃത്തുക്കളായ അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. 'ഡിറ്റക്ടീവ് ഉജ്വലന്‍' എന്ന സിനിമയുടെ നിര്‍മ്മാതാക്കളായ വീക്കെന്റ് ബ്ലോക്ക് ബസ്റ്റേഴ്സിനാണ് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മിന്നല്‍ മുരളി യൂണിവേഴ്‌സ് കോടതി വിലക്കിയതോടെ ധ്യാന്‍ ചിത്രം പ്രതിസന്ധിയിലായി. സെപ്റ്റംബര്‍ മൂന്നിനാണ് 'ഡിക്ടറ്റീവ് ഉജ്വലന്‍' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മിന്നല്‍ മുരളിയുടെ കഥ നടക്കുന്ന 'കുറുക്കന്‍ മൂല' എന്ന സ്ഥലത്തിന്റെ റെഫറന്‍സ് ഡിക്ടറ്റീവ് ഉജ്വലന്റെ ടൈറ്റില്‍ ടീസറിലും ഉണ്ടായിരുന്നു. ഇന്ദ്രനീല്‍ ഗോപികൃഷ്ണനും രാഹുല്‍ ജിയും ചേര്‍ന്നാണ് ഡിക്ടറ്റീവ് ഉജ്വലന്‍ സംവിധാനം ചെയ്യുന്നത്.

◾ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ ടൊവിനോ തോമസ് ചിത്രം 'അജയന്റെ രണ്ടാം മോഷണം' മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. സിനിമയിൽ മൂന്ന് കാലഘട്ടങ്ങളിലായി കുഞ്ഞിക്കേളു, മണിയൻ, അജയൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് കഥാപാത്രങ്ങളും ഒന്നിലൊന്ന് മികവ് പുലർത്തുന്നുണ്ടെങ്കിലും മണിയൻ എന്ന കഥാപാത്രമായുള്ള നടന്റെ പ്രകടനത്തെ സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷകർ വലിയ തോതിൽ പ്രശംസിക്കുകയാണ്. ടൊവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് മണിയൻ എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. അനായാസമായ മെയ്വഴക്കം കൊണ്ടും ഭാവപ്രകടനങ്ങൾ കൊണ്ടും ടൊവിനോ കഥാപാത്രത്തെ മികവുറ്റതാക്കി എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സിനിമയുടെ ഷോ സ്റ്റീലർ എന്നാണ് മണിയനെ പ്രേക്ഷകർ വിളിക്കുന്നത്.

◾ആസിഫ് അലി നായകനായെത്തിയ 'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. രണ്ടാം ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ സിനിമയുടെ കുതിപ്പ് തുടരുകയാണെന്ന് വ്യക്തമാവുകയാണ്. ചിത്രം ആദ്യ ദിനത്തിൽ 45 ലക്ഷത്തോളം രൂപയാണ് നേടിയതെങ്കിൽ രണ്ടാം ദിനത്തിലേക്ക് വരുമ്പോൾ അത് 66 ലക്ഷമായി ഉയർന്നിരിക്കുകയാണ്. രണ്ടു ദിവസങ്ങൾ കൊണ്ട് സിനിമ 1.23 കോടിയാണ് നേടിയിരിക്കുന്നത്. സിനിമയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുക്കുമ്പോൾ അടുത്ത ദിവസങ്ങളിൽ കളക്ഷൻ വലിയ തോതിൽ വർധിക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. ഫാമിലി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയതും ക്യാമറ കൈകാര്യം ചെയ്തതും ബാഹുൽ രമേശാണ്. ചിത്രത്തിലെ ആസിഫ് അലിയുടെയും വിജയരാഘവന്റേയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമാണ് 'കിഷ്കിന്ധാ കാണ്ഡം' എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

◾  പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ ഇന്ത്യയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷം മുന്‍പാണ് ഫോര്‍ഡ് ഇന്ത്യയില്‍ കാര്‍ ഉല്‍പ്പാദനം നിര്‍ത്തിയത്. വില്‍പ്പന ഗണ്യമായി കുറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഫോര്‍ഡ് അന്ന് തീരുമാനിച്ചത്. തമിഴ്നാട്ടില്‍ കയറ്റുമതിക്കായി ഒരു നിര്‍മ്മാണ പ്ലാന്റ് പുനരാരംഭിക്കാനാണ് ഫോര്‍ഡ് മോട്ടോര്‍ പദ്ധതിയിടുന്നത്. രണ്ടു വര്‍ഷം മുമ്പ് ഉല്‍പ്പാദനം നിര്‍ത്തിയ വിപണിയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ സാധ്യതയുള്ളതായി കമ്പനി അറിയിച്ചു. കയറ്റുമതിക്കായി സംസ്ഥാനത്ത് നിര്‍മ്മാണം പുനരാരംഭിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രിയുമായി കമ്പനി ചര്‍ച്ച നടത്തിയിരുന്നു. ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ഉല്‍പ്പാദന പ്ലാന്റ് പുനരാരംഭിക്കാനാണ് പദ്ധതി. ഈ പ്ലാന്റില്‍ ഫോര്‍ഡ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന കാറുകളും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്നും കമ്പനി അറിയിച്ചു.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 83.88, പൗണ്ട് - 110.08, യൂറോ - 93.00, സ്വിസ് ഫ്രാങ്ക് - 98.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.23, ബഹറിന്‍ ദിനാര്‍ - 222.83, കുവൈത്ത് ദിനാര്‍ -275.14, ഒമാനി റിയാല്‍ - 218.18, സൗദി റിയാല്‍ - 22.35, യു.എ.ഇ ദിര്‍ഹം - 22.84, ഖത്തര്‍ റിയാല്‍ - 23.04, കനേഡിയന്‍ ഡോളര്‍ - 61.69.

Post a Comment

Previous Post Next Post