മണ്ണാർക്കാട്: ചങ്ങലീരിയിൽ നബി ദിന റാലിയിൽ പങ്കെടുത്തവർക്ക് പായസം വിതരണം ചെയ്ത് ക്ഷേത്രകമ്മിറ്റി. വേണ്ടംകുർശ്ശി ശിവക്ഷേത്ര വേല കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മധുര വിതരണം. റാലിയായെത്തിയ മല്ലിയിൽ ഹയാത്തുൾ ഇസ്ലാം മദ്രസ ഭാരവാഹികളെ ക്ഷേത്ര കമ്മിറ്റി ഭാരാവാഹികൾ സ്വീകരിച്ചു. കഴിഞ്ഞ വർഷങ്ങളിൽ മിഠായി ഉൾപ്പെടെയുള്ള മധുരപലഹാരങ്ങൾ വിതരണം ചെയ്തിരുന്നു. വേണ്ടംകുർശ്ശി ശിവക്ഷേത്ര വേല കമ്മിറ്റി ഇത്തവണ പായസം വിതരണം ചെയ്യാൻ തീരുമാനിച്ചപ്പോൾ എല്ലാ മതസ്ഥരും ഒരുപോലെ സഹകരിച്ചെന്നും, അത് ഭംഗിയായി നടത്താൻ കഴിഞ്ഞതിന് എല്ലാവരോടും നന്ദി അറിയിക്കുന്നെന്നും, വരുകാലങ്ങളിലും ഇത് പോലുള്ള മത സൗഹാർദ്ദങ്ങളിൽ പങ്ക് ചേരാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നും ക്ഷേത്രകമ്മിറ്റി അംഗം പറഞ്ഞു. ഈ സ്വീകരണത്തിന് വളരെയേറെ സന്തോഷമുണ്ട്, ഈ മതസൗഹാർദ്ദമാണ് നബിദിന റാലിയെ കൂടുതൽ മനോഹരമാക്കുന്നത് ഇതാണ് നമ്മുടെ കേരളം എന്ന് നബിദിനാഘോഷ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഇസ്ലാം മത വിശ്വാസികൾ ഇന്നലെ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ചു. പല ഇടങ്ങളിലും മദ്രസ വിദ്യാർഥികളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തിൽ നബിദിന റാലികളും ഘോഷയാത്രകളും നടന്നു. മുഹമ്മദ് നബിയുടെ 1499 ആം ജന്മദിനമാണ് ലോകമാകെയുള്ള ഇസ്ലാം മത വിശ്വാസികൾ ആഘോഷിക്കുന്നത്. മദ്രസകൾ കേന്ദ്രീകരിച്ച് കലാപരിപാടികളും ഭക്ഷണ വിതരണവും നടന്നു.