കാട്ടുപോത്തിന്റെ ഇറച്ചിയെന്ന് സംശയം; വനംവകുപ്പ് കേസെടുത്തു

മണ്ണാർക്കാട് : കാട്ടുപോത്തിന്റെ ഇറച്ചിയുള്ളതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ വീട്ടിൽ പരിശോധന നടത്തി. പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ തരിപ്പപ്പതിയിലാണ് സംഭവം. ഏകദേശം നാലുകിലോയോളം പാചകം ചെയ്ത എല്ലോടുകൂടിയ ഇറച്ചി കണ്ടെടുത്തെങ്കിലും,  കാട്ടുപോത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വനംവകുപ്പ് വന്യജീവി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇറച്ചി വന്യജീവിയുടേതാണോയെന്ന് ഉറപ്പുവരുത്താൻ രാസപരിശോധനയ്ക്ക് അയക്കും. പ്രാഥമിക അന്വേഷണത്തിൽ സംശയം തോന്നിയ സ്റ്റേഷൻ അധികൃതർ നിയമപരമായ നടപടിയിലേക്ക് തിരിയുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. സാധാരണ പോത്തിന്റെ ഇറച്ചിയാണിതെന്നും പാലക്കയത്തുനിന്നാണ് വാങ്ങിയതെന്നുമാണ് ഇവർ വനംവകുപ്പിനോട് വ്യക്തമാക്കിയിട്ടുള്ളത്. ഇറച്ചിക്കച്ചവടക്കാരനും ഇക്കാര്യമാണ് പറഞ്ഞതെന്നും അധികൃതർ അറിയിച്ചു. ഇറച്ചിവാങ്ങിയതിന് ഗൂഗിൾപേ വഴി പണം നൽകിയതിന്റെ രേഖകളും വനംവകുപ്പിനെ ഇവർ കാണിച്ചിട്ടുണ്ട്. ഇറച്ചിയുടെ സാംപിൾ ബുധനാഴ്ച കോടതിയിൽ സമർപ്പിക്കും. കോടതിയുടെ നിർദേശാനുസരണമാകും ലാബിലേക്ക് അയക്കുക. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.

Post a Comment

Previous Post Next Post