മണ്ണാർക്കാട്: എ.ഐ.വൈ.എഫ്. നേതാവ് ഷാഹിനയുടെ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മണ്ണാർക്കാട്ടെത്തി ഭർത്താവ്, സുഹൃത്ത്, ബന്ധുക്കൾ എന്നിവരിൽനിന്ന് വിവരങ്ങൾ ആരാഞ്ഞു. മണ്ണാർക്കാട് പോലീസാണ് നേരത്തേ കേസന്വേഷിച്ചിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സാദിഖും മക്കളും ബന്ധുക്കളും പോലീസ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയിരുന്നു. മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി ചോദിച്ചെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാഹിനയുടെ ഭർത്താവ് മൈലംകോട്ടിൽ മുഹമ്മദ് സാദിഖ് പറഞ്ഞു. ജൂലായിലാണ് ഷാഹിനയെ മണ്ണാർക്കാട് വടക്കുംമണ്ണത്തുള്ള വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.