നീതി മെഡിക്കല്‍ സെന്ററില്‍ മോഷണശ്രമം; പൊലിസ് അന്വേഷണം തുടങ്ങി

മണ്ണാര്‍ക്കാട്: നഗരത്തില്‍ റൂറല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ആശുപത്രിപ്പടി ഭാഗത്തെ നീതിമെഡിക്കല്‍ സെന്ററില്‍ കവര്‍ച്ചാശ്രമം. ഷട്ടറിന്റെ പൂട്ടുതകര്‍ത്തശേഷം അകത്തെ ഗ്ലാസുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നിട്ടുള്ളത്. ഇന്നലെ രാവിലെ പത്രവിതരണക്കാരനാണ് ഷട്ടറിന്റെ പൂട്ടുപൊളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ബാങ്ക് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതുപ്രകാരം പൊലിസും സ്ഥലത്തെത്തി. അതാത് ദിവസത്തെ കളക്ഷന്‍ ബാങ്കില്‍ അടക്കുന്നതിനാല്‍ സെന്ററില്‍ പണം ഉണ്ടായിരുന്നില്ലെന്ന് ബാങ്ക് സെക്രട്ടറി എസ്. അജയകുമാര്‍ പറഞ്ഞു. പുലര്‍ച്ചെ നാലോടെയാണ് മോഷണം നടത്തിയിട്ടുള്ളത്. പരിശോധനയില്‍ സി.സി.ടി.വി. കാമറയില്‍ നിന്നും കംപ്യൂട്ടറിന്റെ മോണിറ്ററിലേക്കുള്ള കേബിളുകള്‍ വിച്ഛേദിച്ചിട്ടുണ്ട്. മോണിറ്റര്‍ മോഷ്ടിച്ചുകൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നും ഹെല്‍മെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ചുറ്റിക ഉപയോഗിച്ച് ഷട്ടര്‍ തകര്‍ത്ത് ഉള്ളില്‍പ്രവേശിക്കുന്നത് കണ്ടെത്താനായി. ബാങ്ക് അധികൃതരുടെ പരാതിപ്രകാരം പൊലിസ് കേസെടുത്തു. എസ്ഐ എ.കെ. ശ്രീജിത്തിനാണ് അന്വേഷണചുമതല. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Previous Post Next Post

نموذج الاتصال