മണ്ണാർക്കാട്:ഐ.എൻ.ടി.യു.സി. തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. നെല്ലിപ്പുഴ മുതൽ ആനമൂളി വരെയുള്ള റോഡിന്റെ നവീകരണപ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്നും പഴയ ചെക്പോസ്റ്റ് ജങ്ഷനിലെ വീതിക്കുറവിന് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ.
ഐ.എൻ.ടി.യു.സി. സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. അസി. എക്‌സിക്യുട്ടീവ് എൻജിനീയർ വി. മനുവിന്റെ മുറിയിലെത്തി സമരനേതാക്കളുമായി ചർച്ച നടത്തി. റോഡ് നിർമാണം കേരള റോഡ് ഫണ്ട് ബോർഡാണ് (കെ.ആർ.എഫ്.ബി.) ഏറ്റെടുത്തിട്ടുള്ളതെന്നും ഇക്കാര്യത്തിൽ ഇടപെടാനാവില്ലെന്നും അധികൃതർ അറിയിച്ചു. നേതാക്കൾ കെ.ആർ.എഫ്.ബി. അസി. എൻജിനീയറുമായി ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ റോഡ് പരിശോധന നടത്താൻ വ്യാഴാഴ്ച എത്താമെന്നുള്ള മറുപടി ലഭിച്ചതായി നേതാക്കൾ പറഞ്ഞു.
ധർണയിൽ തെങ്കര മണ്ഡലം പ്രസിഡന്റ് കെ. ശിവദാസൻ അധ്യക്ഷനായി. നേതാക്കളായ വി.വി. ഷൗക്കത്തലി, കുരിക്കൾ സെയ്ത്, അരുൺകുമാർ പാലക്കുറുശ്ശി, മണികണ്ഠൻ വടശ്ശേരി, നൗഷാദ് ചേലഞ്ചേരി, കൊളമ്പൻ ജലീൽ, റസാക്ക് മംഗലത്ത്, എം. അജേഷ്, പൊതിയിൽ മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.