തിരുവനന്തപുരം: ബിജെപി കേന്ദ്രഘടകത്തിന്റെ രഹസ്യപ്പട്ടികയിലെ കേരളഘടകം സംസ്ഥാനപ്രസിഡന്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവിൽനിന്ന് ഞായറാഴ്ച പത്രിക സ്വീകരിക്കും. മത്സരം ഒഴിവാക്കാൻ ഒരാളിൽനിന്നേ പത്രിക സ്വീകരിക്കാൻ സാധ്യതയുള്ളൂ. പ്രസിഡന്റാകാൻ സാധ്യതയുള്ള അരഡസനോളം നേതാക്കളുടെ പേരുകൾ പ്രചരിക്കുന്നതോടെ അഭ്യൂഹങ്ങൾക്കും അറുതിയില്ല. നിലവിലുള്ള പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടരുമോ മറ്റാരുടെയെങ്കിലും കൈകളിൽ പദവിയെത്തുമോ എന്നതാണ് പാർട്ടിഘടകങ്ങൾ ഉറ്റുനോക്കുന്നത്.
ഞായറാഴ്ച രാവിലെ കോർകമ്മിറ്റിയോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സംസ്ഥാനപ്രസിഡന്റിനെ നിശ്ചയിക്കുന്നത് പൂർണമായും കേന്ദ്രഘടകത്തിന്റെ തീരുമാനമായതിനാൽ ആരാകുമെന്നതിൽ സംസ്ഥാനത്തെ നേതാക്കൾക്കും ഇതുവരെ സൂചനകളൊന്നുമില്ല. കേരളത്തിൽവെച്ചുതന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കും. 2020 ഫെബ്രുവരിയിലാണ് സുരേന്ദ്രൻ പ്രസിഡന്റായത്. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം ഉയർന്നത്, തദ്ദേശസ്ഥാപന-നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു തുടങ്ങിയവ സുരേന്ദ്രന് അനുകൂലമാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വിശ്വസിക്കുന്നു. ആർഎസ്എസ് പിന്തുണയുണ്ടെന്നും ഇക്കൂട്ടർ അവകാശപ്പെടുന്നു.
എന്നാൽ, ആദ്യടേം കഴിഞ്ഞും തുടരുന്ന സുരേന്ദ്രനുപകരം ഇപ്പോൾ ജനറൽ സെക്രട്ടറിയായ എം.ടി. രമേശിന് അനുകൂലസാഹചര്യമാണെന്നാണ് പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ പറയുന്നത്. വനിതാപ്രസിഡന്റുമതിയെന്ന് കേന്ദ്രഘടകം തീരുമാനിച്ചാൽ ഇപ്പോൾ വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രനാണ് സാധ്യത.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർഥിയായിരുന്ന മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സാധ്യതാപട്ടികയിലെ മറ്റൊരാൾ. മുൻ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായിരുന്നവി. മുരളീധരനെയും പരിഗണിച്ചുകൂടെന്നില്ല
Tags
kerala