മലമ്പുഴ ഉദ്യാനത്തില്‍ കൂടോത്രം, കോഴിമുട്ടയും തേങ്ങയും കണ്ടെത്തി; നിറയെ എഴുത്തും കളങ്ങളും

പാലക്കാട്‌: കൂടോത്രത്തിന്റെയും ഒടിയന്റെയും കഥകൾ പാലക്കാടിന് പരിചിതമാണ്. നിർമിതബുദ്ധിയുടെ കാലത്തും അത്തരം കഥകളാണ് മലമ്പുഴ ഉദ്യാനത്തിൽ നിന്നുയരുന്നത്. ഓണത്തോടടുപ്പിച്ചാണ് മലമ്പുഴ ഉദ്യാനത്തിലെ ഫുഡ് കോർട്ട്, പുല്ലുകൾക്കിടയിൽ ചെറുചെടികൾ വളർന്നുനിൽക്കുന്ന പ്രദേശം എന്നിവിടങ്ങളിൽ നിന്നായി ‘കൂടോത്രം’ കണ്ടെത്തിയത്. കോഴിമുട്ടയ്ക്കുപുറമെ വെള്ളരിക്കയിലും തേങ്ങയിലും ഇത് കണ്ടെത്തി. വെള്ളരിയിൽ ഏതു ഭാഷയെന്ന് നിർവചിക്കാനാവാത്ത തരത്തിൽ കളങ്ങളിലാണ് എഴുത്ത്. ഓണത്തിനുമുമ്പ്, 60 വയസ്സുകഴിഞ്ഞ തൊഴിലാളികളെ നീക്കിയതുമായി ബന്ധപ്പെട്ട് പരാതികളുയർന്നിരുന്നു. കൂടോത്രക്കഥ ഈ വിഭാഗത്തിനുമേൽ കെട്ടിവെക്കാൻ ശ്രമം നടന്നു. അതിനിടയ്ക്ക് ജലവിഭവവകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം വന്നതും കഥയുടെ ഭാഗമായി. മൂന്നുവർഷത്തെ സേവനകാലാവധി പൂർത്തിയാക്കിയ ഉദ്യോഗസ്ഥർക്ക് കിട്ടിയ സ്ഥലം മാറ്റത്തെയാണ് കൂടോത്രത്തിന്റെ ശക്തിയായി കഥപറച്ചിലുകാർ വ്യാഖ്യാനിച്ചത്.
ഉദ്യാനത്തിന്റെ കവാടത്തിലും അണക്കെട്ടിനു മുകളിലും ക്യാമറകളുണ്ടെങ്കിലും ‘കൂടോത്ര’ക്കാരെ പെട്ടെന്ന് തിരിച്ചറിയാൻ വഴിയൊന്നുമില്ലെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം കല്ലടിക്കോടൻ മലയടിവാരത്തും മന്ത്രവാദം നടന്ന ലക്ഷണങ്ങൾ കണ്ടെത്തി.  കല്ലടിക്കോടൻ മലയടിവാരത്തു മീൻവല്ലം വെള്ളച്ചാട്ടത്തിനു സമീപം ഇരുട്ടുകുഴി പുഴയരികിലാണ് മന്ത്രവാദം നടന്ന ലക്ഷണങ്ങൾ കണ്ടത്. 3 കോഴികളെ ബലി നൽകിയാണു പൂജ നടന്നതെന്നു സംശയിക്കുന്നു. പ്രത്യേക തരം ചൂരൽവടി, ഓട്ടുവിളക്ക്, പുഷ്‌പങ്ങൾ, ശംഖ്, പാത്രങ്ങൾ തുടങ്ങിയവയും സ്‌ഥലത്തു കണ്ടെത്തി. ആരാണു പൂജ നടത്തിയതെന്നു കണ്ടെത്താനായില്ല. കോഴികളെ കഴുത്തറുത്തു കൊന്ന നിലയിലാണു പാറയ്ക്കു മുകളിൽ കണ്ടത്.പ്രദേശത്തു മുൻപും ഇത്തരം പൂജകൾ നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.
Previous Post Next Post

نموذج الاتصال