മോഷ്ടിച്ച ബൈക്കിൽ കഞ്ചാവ് കടത്ത്; യുവതിയും, യുവാവും പിടിയിൽ

ഷൊർണൂർ: മോഷ്ടിച്ച ബൈക്കിൽ കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റിലായി. പത്തനംതിട്ട കോന്നി കൂടൽ ആനക്കോട് പണിക്കമണ്ണിൽ അഭിജിത്ത് (28), മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ (19) എന്നിവരെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് ഷൊർണൂർ റെയിൽവേസ്റ്റേഷൻ പരിസരത്തുനിന്നും മോഷ്ടിച്ച ബൈക്കും ഒരു കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

കൊച്ചിൻപാലത്തിന് സമീപത്തുനിന്നുമാണ് ഇവരെ ഞായറാഴ്ച വൈകീട്ട് പിടികൂടിയത്. കഴിഞ്ഞമാസം 28-ന് റെയിൽവേ ജീവനക്കാരനായ വിജുവിന്റെ ബൈക്ക് ഇവർ കവർന്നിരുന്നു. ബൈക്കുമായി ഇരുവരും പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ബൈക്കുമായി കയിലിയാട് വഴി കൊപ്പത്തെത്തിയതായും പോലീസ് പറയുന്നു.

അഭിജിത്ത് പട്ടാമ്പി കൊപ്പത്ത് ജെ.സി.ബി. ഓപ്പറേറ്ററായി ജോലിനോക്കുകയായിരുന്നു. പത്തനംതിട്ടയിലും കൊച്ചിയിലും ഇയാൾക്കെതിരേ മോഷണക്കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി. ഇൻസ്പെക്ടർ രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
Previous Post Next Post

نموذج الاتصال